KeralaNews

‘ഇരുവരും പൂര പറമ്പിലെ പോക്കറ്റടിക്കാരെ പോലെ’; രാഹുൽ മാങ്കൂട്ടത്തിനെതിരെയും ഷാഫി പറമ്പിലിനെതിരെയും പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേയും ഷാഫി പറമ്പിൽ എംപിക്കുമെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം. ഇരുവരും പൂര പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണെന്നും ഉപതെരഞ്ഞെടുപ്പ് സമയത്ത് എത്തിയത് വലിയ ഫണ്ടാണെന്നും പാലക്കാട് കോൺ​ഗ്രസിൽ വിമർശനമുയർന്നു. ഈ തുക എന്തു ചെയ്തുവെന്ന് ഇവർ വ്യക്തമാക്കണം. എംഎൽഎ ആയ ശേഷം രാഹുൽ വാങ്ങിയ കാറിന് പൈസ എവിടെ നിന്നാണ് ലഭിച്ചത്. രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം എതിർത്തത് സ്വഭാവ ദൂഷ്യം കൊണ്ട് കൂടിയാണെന്നും കോൺ​ഗ്രസിൽ വിമർശനം ഉയരുന്നുണ്ട്. ഇന്നലെയാണ് യുവനടിയുടെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നിട്ടും ഷാഫി പറമ്പിൽ എംപി ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ഇന്നലെ രാവിലെ മുതൽ മാധ്യമ പ്രവർത്തകർ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ഷാഫി കാണാൻ കൂട്ടാക്കിയില്ല. രാഹുലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്‍റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചത്. ഇന്നലെ രാവിലെ മുതൽ ദില്ലിയിലെ ഫ്ലാറ്റിലിരുന്ന ഷാഫി, പാർലമെന്‍റിലേക്കും പോയിരുന്നില്ല. മാധ്യമങ്ങൾക്ക് മുഖം തരാതിരുന്ന ഷാഫി, ഫ്ലാറ്റിലേക്ക് മാധ്യമങ്ങളെയും കടത്തിവിടാൻ അനുവദിച്ചിരുന്നില്ല. ഒടുവിൽ വൈകുന്നേരത്തോടെ ഫ്ലാറ്റിനു മുന്നിൽ കാത്തു നിന്ന മാധ്യമങ്ങളെ കാണാതെ ഷാഫി, ബീഹാറിലേക്ക് പോയെന്നാണ് വിവരം. രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാനെന്നാണ് വിശദീകരണം.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് ഷാഫിക്കെതിരെ പാർട്ടിയിൽ പടനീക്കം ശക്തമായത്. രാഹുലിനെ ഇക്കാലമത്രയും സംരക്ഷിച്ചത് ഷാഫിയെന്ന പരാതിയടക്കം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നൽകുകയും ചെയ്തു. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി, പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button