Kerala

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ.

ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഎൽഒമാർ ഫീൽഡിൽ ബുദ്ധിമുട്ട് നേരിടുന്നത് ഒഴിവാക്കാനും അവർക്ക് സുരക്ഷ നൽകാനും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു. ബിഎൽഒമാർക്കെതിരെയുള്ള പ്രചാരണങ്ങൾ നേരിടും. ഇവരെ ഫീൽഡുകളിൽ സഹായിക്കാനായിട്ടാണ് കുടുംബശ്രീയിൽ നിന്നടക്കമുള്ളവരെ പരിഗണിക്കുന്നത്. ഇതുവരെ പരിശീലനം ലഭിച്ചിട്ടിലാത്തവർക്ക് അത് കൂടി നൽകേണ്ടതുണ്ട്. രാഷ്ട്രീയപാർട്ടികളുടെ പിന്തുണകൂടി അതിനായി തേടും. സമയബന്ധിതമായി നടപടികൾ നടക്കണമെന്നും രത്തൻ യു ഖേൽക്കർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button