ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ’; പണം നൽകിയെന്ന ആരോപണം തള്ളി ശോഭാ സുരേന്ദ്രൻ; തന്നെ വേട്ടയാടാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പരാതി

പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. വോട്ട് ചോദിക്കുന്നത് രാഷ്ട്രീയവും വികസനവും പറഞ്ഞ് മാത്രമായിരിക്കുമെന്നും സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണ്. കണ്ണാടിയിൽ താൻ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണ്. തൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ പിന്തുടർന്നു. അത് ചോദ്യം ചെയ്യുകയാണ് ചെയ്തത്. വിനേഷ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ഒരു സ്ത്രീ കണ്ടാൽ വേദനിക്കുന്ന രീതിയിൽ ആര് പെരുമാറിയാലും ചോദ്യം ചെയ്യുമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ബിജെപി ജയിക്കും എന്ന് കണ്ട് നേരത്തെ തിരക്കഥ തയാറാക്കുകയാണ് ചെയ്തത്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.




