രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുണ്ടായ ബജ്‌റംഗ്ദളിന്റെ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ജബൽപുരിൽ വൈദികർക്ക് നേരെ ആക്രമണം സഭയിൽ ഉന്നയിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലോക് സഭയിൽ ചോദ്യോത്തര വേള ബഹിഷ്കരിച്ചതിനു ശേഷം പാർലമെന്റിൽ മാധ്യമങ്ങളെ കണ്ടു സംസാരിക്കവെയാണ് കെ സി വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്.
വിദ്വേഷം പ്രചരിപ്പിച്ചും ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചും ഭരിക്കുകയെന്ന കൃത്യമായ സംഘപരിവാര്‍ അജണ്ടയാണിത്. ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി സംഘപരിവാറുകാര്‍,അവരെ ആക്രമിക്കുകയും അവരുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്യുകയാണ്. മോദി ഭരണകൂടം അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്ത് വ്യാപകമായി ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ആക്രമം നടത്തുകയാണ്. അക്രമികള്‍ക്കെതിരെ ബി ജെ പി സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. സംഘപരിവാര്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ നിയമവാഴ്ചയെപ്പോലും വെല്ലുവിളിച്ച് ബി ജെ പി ഭരണകൂടം നിശ്ബ്ദമാവുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 753 ഓളം ക്രിസ്ത്യന്‍ പള്ളികളാണ് ആര്‍ എസ് എസ്, സംഘപരിവാര്‍ സംഘങ്ങള്‍ ആക്രമിച്ചത്. ജബല്‍പൂരില്‍ വൈദികള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ നേരെയുണ്ടായ ആക്രമണത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ലെന്നും അതിനാലാണ് പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.