Kerala
സമൂഹത്തിൽ സ്പർദ്ദയും കലാപവും ഉണ്ടാക്കുന്ന രീതിയിൽ പരാമർശം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസിൽ പരാതി നൽകി ബിജെപി. ചാനൽ അഭിമുഖത്തിനിടെ, സമൂഹത്തിൽ സ്പർദ്ദയും കലാപവും ഉണ്ടാക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു. “പിച്ചാത്തിയുമായി ബിജെപിക്കാർ അരമനകളിൽ കയറി ചെല്ലാതിരുന്നാൽ മതി” എന്ന് രാഹുൽ ചാനൽ അഭിമുഖത്തിനിടെ പറഞ്ഞെന്നും പരാതിയിലുണ്ട്.
ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. മതസ്പർധ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.