നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ; 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു. കെ സുരേന്ദ്രന്‍റെ പേരാണ് പാലക്കാട് സജീവ പരിഗണനയിലുള്ളത്. ശോഭ സുരേന്ദ്രന്‍റെ പേര് കായംകുളത്താണ് പരിഗണിക്കുന്നത്. അമിത് ഷാ ജനുവരി 11ന് കേരളത്തിലെത്തും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം.
ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത് ആഘോഷമാക്കാൻ കൂടിയാണ് അമിത് ഷാ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുൻപേ അമിത് ഷാ എത്തുന്നത്. ഈ മാസം 11 നാകും ഷാ തിരുവനന്തപുരത്തെത്തുക. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബി ജെ പി അംഗങ്ങളെയെല്ലാം ആഭ്യന്തര മന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി ഭാരവാഹികളും പങ്കെടുക്കും. കേരളത്തിലെ ബി ജെ പിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിർണ്ണായകമായ തദ്ദേശ വിജയത്തിന് പിന്നാലെ അമിത് ഷാ എത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ കാണുന്നത്. അതുകൊണ്ടുതന്നെ ഷാ എത്തുന്ന പരിപാടി വലിയ ആഘോഷമാക്കി മാറ്റാനാണ് സംസ്ഥാന ഘടകത്തിന്‍റെ നീക്കം.

