KeralaNews

തിരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ‘ഡീൽ’; വോട്ട് മറിക്കാൻ അഞ്ച് മണ്ഡലങ്ങളെന്ന് വി.ഡി. സതീശൻ, പ്രചാരണം മന്ദഗതിയെന്നും വിമർശനം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ഡീൽ ആരോപണങ്ങൾക്കൊപ്പം ബി ജെ പിയുടെ പ്രചാരണം മന്ദഗതിയിലെന്ന വിമർശനങ്ങളും ഉയരുന്നു. സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഇടപെടാറുള്ള ബി ജെ പി കേരളം ഭരിക്കുന്ന എൽ ഡി എഫിനെ സഹായിക്കാനാണോ പ്രചാരണരീതി മാറ്റുന്നത് എന്നാണ് ചോദ്യം. സ്ഥാനാർഥി പ്രഖ്യാപനം വൈകിയതും മുന്നണിയിലെ മറ്റ് പാർട്ടികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഉത്സാഹക്കുറവുമെല്ലാം ബി ജെ പി ഇത്തവണ തിരഞ്ഞെടുപ്പിനെ കാര്യമായി എടുക്കുന്നില്ല എന്ന് ആരോപിക്കുന്നവർ ആയുധമാക്കുന്നുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ ബി ജെ പിയും ഭരണകക്ഷിയായ സി പി എമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വോട്ടുകൈമാറ്റം നിശ്ചയിച്ചിട്ടുള്ള അഞ്ച് മണ്ഡലങ്ങളുടെ പേര് വി ഡി സതീശൻ വെളിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുമാനൂർ മണ്ഡലത്തിന്‍റെ പേര് കൂടി ഇതിനോട് ചേർത്തു.

ബി ജെ പിയുടെ സ്റ്റാർ കാംപെയ്നർമാരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കൾ ഇതുവരെ സംസ്ഥാനത്ത് എത്താത്തതും, അടുത്ത ദിവസങ്ങളിലെ പ്രചാരണ പരിപാടികളെ കുറിച്ച് വ്യക്തമായ രൂപരേഖ പുറത്തുവന്നിട്ടില്ലാത്തതും കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

സി പി എം നയിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ സമീപനം ബി ജെ പിയുടെ ഭാഗത്ത് നിന്നും കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമല സ്വർണക്കൊള്ള കേസും, എസ്‌ഐടി അന്വേഷണത്തെക്കുറിച്ചുള്ള കോടതിയുടെ പരാമർശങ്ങളും പ്രധാന വിഷയങ്ങളായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിക്കുന്നില്ല. ഇത് കോൺഗ്രസ് ഉയർത്തുന്ന ബിജെപി–സിപിഐ(എം) ധാരണ എന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണെന്നും കരുതുന്നവരുണ്ട്. :വട്ടിയൂർക്കാവിൽ തന്നെ തോൽപ്പിക്കാൻ ബിജെപി കൗൺസിലർമാരടക്കം സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി രഹസ്യപ്രചാരണം നടത്തുന്നുവെന്ന് കെ മുരളീധരൻ. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ പ്രതികാരം തീർക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. അതേസമയം, ആരോപണം ശുദ്ധ അസംബന്ധമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ആർ ശ്രീലേഖ ആരോപണം തള്ളി. മുരളി തോൽവി സമ്മതിച്ചെന്നായിരുന്നു എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രശാന്തിന്‍റെ പ്രതികരണം.കോൺഗ്രസ് സംസ്ഥാനത്താകെ ഡീൽ ഉയർത്തുമ്പോൾ പൊരിഞ്ഞ ത്രികോണപ്പോരുള്ള മണ്ഡലത്തിൽ കുറച്ചുകൂടി കടുപ്പിക്കുന്നു മുരളി.

തദ്ദേശതെരഞ്ഞെടുപ്പിൽ വട്ടിയൂ‍ർക്കാവിൽ ബിജെപി ഒന്നാമതെത്തിയിരുന്നു . മേയർ വിവി രാജേഷ് അടക്കമുള്ള കൗൺസിലർമാർ മണ്ഡലത്തിൽ നിന്നുള്ളവരാണ്. ബിജെപിയുടെ എ പ്ലസ് സീറ്റിൽ മെല്ലെപ്പോക്ക് ആരോപിക്കുന്ന മുരളി ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ സംശയനിഴലിലാക്കുന്നു. പല ബിജെപി നേതാക്കളും ആഗ്രഹിച്ച സീറ്റാണ്. പക്ഷെ പ്രചാരണത്തിൽ ഒരുപ്രശ്നവുമില്ലെന്ന് പറഞ്ഞ് ആർ ശ്രീലേഖ ആരോപണം തള്ളി.ഓരോവോട്ടും ത്രികോണപ്പോരിൽ നിർണായകമാണ്. ആരോപണത്തിൻറെ അപകടം മണത്താണ് വികെ പ്രശാന്ത് എല്ലാം നിഷേധിക്കുന്നത്.

2016ൽ കുമ്മനം ജയിക്കാതരിക്കാൻ സിപിഎമ്മും മുരളിക്ക് വോട്ട് മറിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. അന്ന് ഇടത് സ്ഥാനാർത്ഥി ടിഎൻ സീമയുടെ തോൽവി അന്വേഷിച്ച പാർട്ടി കമ്മീഷൻ ചില നേതാക്കൾക്കെതിരെ നടപടി എടുത്തിരുന്നു. പിന്നീട് വട്ടിയൂർക്കാവ് വിട്ട് വടകര എംപിയായ മുരളി കഴിഞ്ഞ തവണ നേമത്ത് ഇറങ്ങി. നേമത്ത് കുമ്മനത്തെ ശിവൻകുട്ടി വീഴ്ത്താനുള്ള ഒരു കാരണവും മുരളി പിടിച്ച വോട്ടുകളാണ്. അന്നത്തെ റിവഞ്ച് ബിജെപി തുടരുന്നുവെന്നാണ് മുരളിയുടെ ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button