ബിന്ദുവിന്റെ മരണം; കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും; വീണാ ജോര്‍ജ് വീട് സന്ദര്‍ശിച്ചേക്കും

0

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ഇന്ന സംസ്ഥാന സര്‍ക്കാരിന് കൈമാറും. ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാവും സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം. ബിന്ദു മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരുന്നു. ‘ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ‘ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’- കുറിപ്പില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മന്ത്രിയുടെ രാജി ആവശ്യം സിപിഎം തള്ളി. മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here