National

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും ; ഒരുക്കങ്ങൾ ആരംഭിച്ച് മുന്നണികൾ

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. വോട്ടർപ്പട്ടിക പരിഷ്കരണ വിവാദത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിനെ ഏവരും അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഈ മാസം 28 ന് അവസാനിക്കുന്ന വടക്കേന്ത്യയിലെ ഛാത്ത് പൂജക്ക് പിന്നാലെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ മടങ്ങിയെത്തിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സംഘമാണ് ദില്ലിയിൽ ബിഹാറിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഈ മാസം 28 ന് അവസാനിക്കുന്ന ഛാത്ത് പൂജ ആഘോഷങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ ചർച്ചയിൽ ആവശ്യമുയർന്നത്. അതുകൊണ്ടുതന്നെ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ തെരഞ്ഞെടുപ്പ് ഉണ്ടാകാനാണ് സാധ്യത. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജെ ഡി യുവും പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ രണ്ട് ഘട്ടമായി നടത്തണമെന്നാണ് ബി ജെ പി ആവശ്യമുയർത്തിയത്. 2 ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും സൂചനയുണ്ട്. നവംബർ 22 നാണ് ബിഹാറിൽ നിലവിലെ സർക്കാറിന്റെ കാലാവധി തീരുന്നത്.

സമ​ഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ വീണ്ടും ശക്തമായി ന്യായീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെയും രംഗത്തെത്തിയിരുന്നു. എസ് ഐ ആറിനെ ബിഹാറിലെ എല്ലാ ജനങ്ങളും സ്വാ​ഗതം ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറ്റ്നയിൽ പറഞ്ഞു. എല്ലാം നിയമപ്രകാരമാണ് പൂർത്തിയാക്കിയതെന്നും, ബിഹാറിലെ ബി എൽ ഒ മാർ എല്ലാവരും മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഈ മാസം 28 ന് അവസാനിക്കുന്ന ഛാത്ത് പൂജയ്ക്ക് പിന്നാലെ വോട്ടെടുപ്പ് നടത്തുമെന്നും കമ്മീഷൻ സൂചന നൽകി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിം​ഗ് നടത്തും, പോളിം​ഗ് സ്റ്റേഷന് തൊട്ടുപുറത്ത് മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ കണ്ടെയിനറുകൾ സ്ഥാപിക്കും, തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ വിവരങ്ങളും പോളിം​ഗ് പൂർത്തിയാകുന്നതിന് തൊട്ടുപിന്നാലെ എല്ലാവർക്കും ലഭ്യമാക്കുമെന്നും കമ്മീഷൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button