Politics

ഇസങ്ങള്‍ക്കുമപ്പുറം : കെ.സി വേണുഗോപാല്‍ എന്ന രാഷ്ട്രീയ അതികായന്‍, ഇടതിന്റെ പേടിസ്വപ്നം

തിരുവനന്തപുരം:ഏകദിനമായാലും ടെസ്റ്റ് ആയാലും ട്വന്റി-20 ആയാലും നേരിടുന്ന ആദ്യ പന്ത് തന്നെ ബൗണ്ടറി പായിക്കുക എന്ന രീതിയാണ് വിരേന്ദര്‍ സേവാഗ് എന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന് ലോകത്തുടനീളം ആരാധകരെ സൃഷ്ടിച്ചത്. മറുവശത്ത് നിന്ന് ദാദ സിംഗിളുകളെടുത്ത് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാലും അയാളുടെ ലക്ഷ്യം എപ്പോഴും ബൗണ്ടറികള്‍ ആയിരിക്കും. ആ ഒറ്റയാനെ തളയ്ക്കുക എന്നതാണ് എപ്പോഴും എതിരാളികള്‍ നേരിടുന്ന വെല്ലുവിളി. അത്തരമൊരു ശൈലിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാള്‍ കേരള രാഷ്ട്രീയത്തിലുണ്ടെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ കഴിഞ്ഞത്. എഐസിസിയുടെ സംഘടന ചുമതലയുള്ള ശ്രീ.കെ സി വേണുഗോപാല്‍ രാഷ്ട്രീയ ക്രീസിലെത്തിയപ്പോഴെല്ലാം എതിരാളികള്‍ ഭയന്ന് വിറയ്ക്കുകയും സര്‍വ്വ ഊര്‍ജ്ജവുമെടുത്ത് അദ്ദേഹത്തെ ആക്രമിക്കാന്‍ എത്തിയതും നമ്മള്‍ കണ്ടതാണ്. പക്ഷേ തന്റെ പതിവ് ശൈലിയില്‍ എല്ലാ വിവാദ ബൗണ്‍സറുകളെയും ബൗണ്ടറി പായിച്ചുകൊണ്ടാണ് കെ.സി വേണുഗോപാല്‍ അതിന് മറുപടി നല്‍കിയത്.

അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളിലും സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് സംബന്ധിച്ച ചര്‍ച്ചകളിലുമായി ലക്ഷ്യബോധം നഷ്ടപ്പെട്ട മുന്നണിയുടെ രാഷ്ട്രീയ പോരാട്ടം ശരിക്കും ആരംഭിച്ചത് യുഡിഎഫ് കണ്‍വെന്‍ഷനില്‍ കെ.സി വേണുഗോപാല്‍ നടത്തിയ അളന്നു മുറിച്ച ഒരു പ്രസംഗത്തില്‍ നിന്നാണ്. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശങ്ങളും, ജനങ്ങളെ അലട്ടുന്ന വന്യജീവി ശല്യവും, പെന്‍ഷന്‍ കൃത്യമായി ലഭിക്കാത്ത സാഹചര്യവും, ദേശീയ പാത നിര്‍മ്മാണത്തിലെ പോരായ്മകളും ഒറ്റയൊരു പ്രസംഗത്തിലൂടെ തിരഞ്ഞെടുപ്പ് വിഷയങ്ങളാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സിപിഐഎം കാടടച്ചു നടത്തിയ വര്‍ഗ്ഗീയ പ്രചാരണങ്ങളെ ബൗണ്ടറി പായിക്കാന്‍ കെ.സി വേണുഗോപാലിന്റെ കൈയ്യില്‍ ജനങ്ങളെ അലട്ടുന്ന ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ നിരവധിയുണ്ടായിരുന്നു. അമിത് ഷായുടെ വര്‍ഗ്ഗീയത കണ്ട് പതറിയിട്ടില്ലാത്ത മനുഷ്യനെ കേരളത്തില്‍ അതേ തന്ത്രം പയറ്റി പരാജയപ്പെടുത്താമെന്ന് കരുതിയ എല്‍ഡിഎഫിന്റെ അല്പബുദ്ധിയെ പഴിച്ചാല്‍ മതിയല്ലോ!

എം.വി ഗോവിന്ദന്റെ സിപിഐഎം-RSS ബന്ധത്തെ കുറിച്ചുള്ള പ്രസ്താവനയെ നിസ്സാരവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് രംഗപ്രവേശനം ചെയ്തപ്പോഴാണ് കെ.സി വേണുഗോപാലിന്റെ യഥാര്‍ത്ഥ വിശ്വരൂപം കേരളം കണ്ടത്. സിപിഐഎം മറച്ചുവയ്ക്കാന്‍ ശ്രമിച്ച അവരുടെ RSS ബാന്ധവത്തിന്റെ മുഴുവന്‍ ചരിത്രവും അവര്‍ക്ക് മുന്‍പിലേക്ക് കെ.സി വേണുഗോപാല്‍ ശക്തിയായി ഉയര്‍ത്തി കാണിച്ചു. ചരിത്രം മറച്ചുവയ്ക്കാന്‍ ശ്രമിച്ചവര്‍ അതേ ചരിത്രത്താല്‍ വേട്ടയാടപ്പെടുന്ന നിമിഷത്തിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ഒരു രാഷ്ട്രീയക്കാരന്‍ എങ്ങനെ ആയിരിക്കണമെന്നതിന്റെ പാഠപുസ്തകമായിരുന്നു ഈ ഉപതിരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാല്‍. ഇടതുപക്ഷത്തിന്റെ കുതന്ത്ര നരേറ്റിവിലൊന്നും വീഴാതെയാണ് അദ്ദേഹം കോണ്‍ഗ്രസിനെ ലക്ഷ്യ സ്ഥാനത്തേക്ക് നയിച്ചത്. പിണറായിസമെന്നും സതീഷനിസമെന്നുമൊക്കെ മാധ്യമങ്ങളും കൂലിയെഴുത്തുകാരും പ്രൊപ്പഗാണ്ടയുമായി കളം നിറയുമ്പോഴും ലക്ഷ്യബോധത്തോടെ നിലമ്പൂരില്‍ മുന്നില്‍ നിന്ന് നയിച്ചത് കെ.സി വേണുഗോപാല്‍ ആണെന്ന വസ്തുത മായുന്നില്ല. നിലമ്പൂരില്‍ കണ്ട സര്‍വ്വ ഇസങ്ങള്‍ക്കുമപ്പുറം പ്രൗഢിയോടെ തല ഉയര്‍ത്തി നിന്നത് കെ.സി വേണുഗോപാല്‍ എന്ന രാഷ്ട്രീയ അതികായന്‍ ആണെന്ന് നിസ്സംശയം പറയാന്‍ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button