NationalNews

ഐപിഎൽ ദുരന്തം; ക്രിമിനൽ കേസ് റദ്ദാക്കണം; ആർസിബി ഹൈക്കോടതിയിൽ

ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ തങ്ങൾക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് റോയൽ ചലഞ്ചേഴ്സ് ബം​​ഗളൂരു കർണാടക ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്നു റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് ലിമിറ്റഡ് (ആർസിഎസ്എൽ) നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.

18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആർസിബി ഇത്തവണ കന്നി കിരീടം നേടിയതോടെയാണ് വമ്പൻ ആഘോഷം നടന്നത്. എന്നാൽ കാണികൾ തള്ളിക്കയറിയത് ദുരന്തത്തിലേക്ക് നയിച്ചു. വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് 11 പേർ ദാരുണമായി മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. പലരുടേയും നില ഇപ്പോഴും ​ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ ആർസിബി ഇവന്റ് മാനേജർ ഡിഎൻഎ എന്റർടൈൻമെന്റ്, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതി ചേർത്ത് കബ്ബൺ പാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ, ഡിഎൻഎ എന്റർടൈൻമെന്റ് പ്രതിനിധി സുനിൽ മാത്യു എന്നിവരടക്കം നാല് പേരെ ജൂൺ ആറാം തീയതി പൊലീസ് അറസ്റ്റും ചെയ്തിരുന്നു. ഇതിൽ നിഖിൽ സോസാലെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ക്രിമിനൽ കേസിൽ തങ്ങളെ അകാരണമായി ഉൾപ്പെടുത്തിയെന്നാണ് ആർസിഎല്ലിന്റെ വാദം. വിജയാഘോഷത്തെക്കുറിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിൽ എൻട്രി പാസുകൾ സൗജന്യമാണെങ്കിൽ പോലും പരിമിതമായ എണ്ണം മാത്രമാണ് ഉള്ളതെന്നും അതിനു രജിസ്ട്രേഷൻ ആവശ്യമണെന്നു വ്യക്തമാക്കിയിരുന്നുവെന്നും കമ്പനി വാദിക്കുന്നു. ആഘോഷത്തിന്റെ സംഘാടകരായ ഡിഎൻഎ എന്റർടൈൻമെന്റും തങ്ങൾക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button