ചിട്ടിക്കമ്പനിയുടെ പേരില്‍ ബംഗളൂരുവില്‍ 40 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ആലപ്പുഴ സ്വദേശികളായ ദമ്പതിമാര്‍ക്കെതിരെ കേസ്

0

ചിട്ടിക്കമ്പനിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്ന പരാതിയില്‍ ബംഗളൂരുവില്‍ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ കേസ്. രാമമൂര്‍ത്തിനഗര്‍ പ്രവര്‍ത്തിക്കുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് ഉടമ ടോമി എ വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്ക് എതിരെയാണ് പരാതി. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് പണവും ലാഭവിഹിതവും നല്‍കിയില്ലെന്നാണ് പരാതി.

മുന്നൂറോളം നിക്ഷേപകരില്‍ നിന്നായി 40 കോടിയോളം രൂപയാണ് ചിട്ടിക്കമ്പനിയുടെ പേരില്‍ പിരിച്ചെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി പി ടി സാവിയോ എന്നയാൾ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പിന്നാലെ 265 പേരും പരാതിയുമായെത്തി. തട്ടിപ്പിന് ഇരയായവരില്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപം നടത്തിയവരുണ്ടെന്നാണ് വിവരം.

25 വര്‍ഷമായി രാമമൂര്‍ത്തിനഗറില്‍ താമസിച്ചു വന്നിരുന്ന ടോമിയും കുടുംബവും അടുത്തിടെ ഇവിടം വിട്ടിരുന്നു. ബന്ധുവിനു സുഖമില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകുന്നു എന്നറിയിച്ച് ബംഗളൂരുവിട്ട ഇവരെ കുറിച്ച് പിന്നീട് വിവരമില്ലാതിരുന്നതോടെയാണ് നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചത്. ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. ഓഫീസിലുള്ള ജീവനക്കാര്‍ക്കും ഉടമകള്‍ എവിടെ എന്നതിനെ കുറിച്ചുള്ള സൂചനകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

5 ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നേരത്തെ എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് നടത്തിയിരുന്നത്. പതിയെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപം സ്വീകരിച്ചു തുടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here