പ്രിയപ്പെട്ട ശ്രീനിയേട്ടന്‍; ഓര്‍മ്മകളില്‍ സുരേഷ് ഗോപി

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുശോചനം രേഖപ്പെടുത്തി. ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതത്തെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടനാണ് അദ്ദേഹം എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ലളിതമായ വാക്കുകളില്‍ വലിയ സത്യങ്ങള്‍ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും മലയാളികളുടെ മനസ്സിലുണ്ടാകുമെന്നും, പകരം വയ്ക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂര്‍വം പ്രണാമമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് നടനും എംഎല്‍എയുമായ മുകേഷ് അനുസ്മരിച്ചു. ഒരു തിരക്കഥ വായിച്ചാല്‍ കുറഞ്ഞത് പത്ത് ചോദ്യങ്ങളെങ്കിലും ചോദിക്കുന്നതും, അതിന് വ്യക്തമായ മറുപടി ലഭിച്ചാല്‍ മാത്രമേ മുന്നോട്ട് പോകുമായിരുന്നുള്ളുവെന്നും മുകേഷ് പറഞ്ഞു. അത്രയേറെ ഷാര്‍പ്പായ വ്യക്തിത്വമായതിനാല്‍ ശ്രീനിവാസന്റെ അടുത്തേക്ക് പോകാന്‍ പോലും ഭയമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസനെക്കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, 43 വര്‍ഷത്തെ സൗഹൃദജീവിതത്തില്‍ ഒരിക്കല്‍ പോലും ചെറിയ നീരസം പോലും ഉണ്ടായിട്ടില്ലെന്നും മുകേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പോലെ തന്നെ ചിരിയും പ്രസിദ്ധമായിരുന്നുവെന്നും മുകേഷ് അനുസ്മരിച്ചു.
മലയാള സിനിമയ്ക്ക് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ ശ്രീനിവാസന്റെ വിയോഗം കലാലോകത്തിന് തീരാനഷ്ടമാണെന്ന വിലയിരുത്തലിലാണ് സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍.


