ചാലക്കുടി ബാങ്ക് കൊള്ള; അന്വേഷണത്തിന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

0

തൃശൂർ ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ അരങ്ങേറിയ മോഷണം ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ ടീം അന്വേഷിക്കും. ഇൻസ്പെക്ടർമാരായ സജീവ് എംകെ (ചാലക്കുടി പൊലീസ് സ്റ്റേഷൻ), അമൃത് രംഗൻ (കൊരട്ടി സ്റ്റേഷൻ), ദാസ് പികെ (കൊടകര സ്റ്റേഷൻ), ബിജു വി (അതിരപ്പിള്ളി സ്റ്റേഷൻ) സബ് ഇൻസ്പെക്ട‍മാരായ പ്രദീപ് എൻ, സൂരജ് സിഎസ്, എബിൻ സിഎൻ, സലിം കെ, പാട്രിക് പിവി, എന്നിവരും ജില്ലാ ക്രൈം സ്ക്വാഡും സൈബർ ജില്ലാ സ്പെഷ്യൽ സ്ക്വാഡും ഉൾപ്പെടെ 25 പേരടങ്ങുന്ന ടീമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിനുള്ള സ്പെഷ്യൽ ടീമിനെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് രൂപീകരിച്ചത്.

മുൻകൂട്ടി തയാറാക്കിയ കവർച്ചയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കവർച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചു. സ്‌കൂട്ടറിലെത്തിയ പ്രതി ക്യാഷ് കൗണ്ടറിൽ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടിൽ നോട്ടുകൾ മാത്രമാണ് എടുത്തത്. ഉച്ചയ്ക്ക് 2.12ടെയാണ് കവർച്ച നടന്നത്. ബാങ്കിൽ കടന്ന പ്രതി രണ്ടര മിനിറ്റിനുള്ളിൽ കവർച്ച നടത്തി മടങ്ങി. ബാങ്കിലെ ജീവനക്കാരിൽ ഏറെയും ഭക്ഷണം കഴിക്കാൻ പോകുന്ന സമയമാണ് മോഷ്ടാവ് തന്റെ കൃത്യത്തിനായി തിരഞ്ഞെടുത്തത്.

ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരിൽ രണ്ടുപേരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ ശുചിമുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് ബാങ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. ജീവനക്കാരെ തള്ളി ശുചിമുറിയിൽ എത്തിച്ചശേഷം അത് തുറക്കാതിരിക്കാൻ കസേര ഡോർ ഹാൻഡിലിന്റെ ഇടയിലേക്ക് ഭിത്തിയോട് ചേർത്ത് തള്ളികയറ്റി വയ്ക്കുന്നതും സിസിടിവിദൃശ്യത്തിൽ കാണാം. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച് നമ്പർ പ്ലേറ്റ് മറച്ച സ്‌കൂട്ടറിൽ ഹെൽമറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. തന്റെ മുഖവും വിരലടയാളം ഉൾപ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. 15 ലക്ഷം രൂപ മാത്രം എടുത്ത് പ്രതി മടങ്ങിയത് കേസിലെ നിർണായക സൂചനയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here