National

ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; വിലക്കയറ്റവും രൂക്ഷം

ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം ജൂലൈയിലെ പണപ്പെരുപ്പം പന്ത്രണ്ട് വർഷത്തിനിടയിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 11.66 ശതമാനത്തിലെത്തി

ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ പ്രകാരം ജൂലൈയിലെ പണപ്പെരുപ്പം പന്ത്രണ്ട് വർഷത്തിനിടയിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 11.66 ശതമാനത്തിലെത്തി. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം പതിനാല് ശതമാനത്തോളം വർധിച്ചു. പതിമൂന്ന് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്.

ഭരണ വിരുദ്ധ പ്രതിഷേധം ബംഗ്ലാദേശിലുടനീളം വിതരണ ശൃംഖലയെയും സാരമായി തന്നെ ബാധിച്ചു. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കുകയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന് കീഴിലുള്ള പുതിയ ഭരണകൂടം അധികാരമേറ്റെടുക്കുകയും ചെയ്തിട്ടും രാജ്യത്ത് അനിശ്ചിതത്വം നിലനിൽക്കുകയാണ്. പരമാവധി പണം പിൻവലിക്കുന്നതിന് സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രാജ്യത്തെ ബിസിനസ് മേഖലയും പണലഭ്യത പ്രതിസന്ധി നേരിടുന്നു. ബംഗ്ലാദേശിലെ പൗരന്മാർക്ക് നിലവിൽ ഒരു ബാങ്കിൽ നിന്ന് ഒരേസമയം 2 ലക്ഷം ബംഗ്ലാദേശി ടാക്കയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ല. സെൻട്രൽ ബാങ്ക് പുറത്ത് വിട്ട കണക്കുകളനുസരിച്ച് ബംഗ്ലാദേശിൻ്റെ ഫോറെക്സ് കരുതലിൽ 1.3 ബില്യൺ ഡോളറിന്റെ കുറവും രേഖപെടുത്തിയിട്ടുണ്ട്.

സർക്കാർ ജോലികളിലെ സംവരണ ക്വാട്ട സമ്പ്രദായത്തിനെതിരായ പ്രതിഷേധമായി ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധമാണ് പിന്നീട് സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയത്. സംഘർഷത്തിൽ അഞ്ഞൂറോളം പേർക്ക് ജീവൻ നഷ്ടമായതാണ് കണക്കുകൾ. ഷെയ്ഖ് ഹസീന രാജ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുകയും മുഹമ്മദ് യൂനുസ് ഇടക്കാല ഗവൺമെൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button