ബാണസുരസാഗര്‍ ഡാമിലെ ഷട്ടര്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെ 10 മുതല്‍ സ്പില്‍വെ ഷട്ടര്‍ 30 സെന്റീ മീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഷട്ടര്‍ 15 സെന്റീ മീറ്റര്‍ തുറന്നിട്ടുണ്ട്. സെക്കന്റില്‍ 12.20 ക്യുമെക്‌സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യാനാണ് സാധ്യത. ആറ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
മധ്യ തെക്കന്‍ കേരളത്തിലാണ് മഴ ശക്തി പ്രാപിക്കുക.ബംഗാള്‍ കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതും അറബിക്കടലിലെ ന്യൂനമര്‍ദ്ദ പാത്തിയും കാലവര്‍ഷത്തെ സ്വാധീനിക്കുമെന്നും സൂചനയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
കേരളതീരത്ത് നാളെ വൈകുന്നേരം മുതല്‍ 27 രാത്രി വരെ ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടായേക്കാമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു.ഈ മാസം 28 വരെയുള്ള മത്സ്യബന്ധന വിലക്കും തുടരും.