
ആലപ്പുഴയില്‍ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് കാണാതായി. എടത്വ സ്വദേശിയായ ലോട്ടറി ഏജന്റ് അലക്‌സാണ്ടറിന്റെതാണ് ബാഗ്. ലോട്ടറി കടയിലെ ജീവനക്കാരന്‍ സാമിന്റെ പക്കല്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. 5 ലക്ഷത്തിലധികം രൂപയുടെ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളും അന്‍പതിനായിരം രൂപയുമാണ് ബാഗിലുണ്ടായിരുന്നത്.
ഇന്ന് ഉച്ചയോട് കൂടിയാണ് അലക്‌സാണ്ടറിന്റെ ബാഗ് നഷ്ടപ്പെടുന്നത്. വിവിധ ലോട്ടറി ടിക്കറ്റുകളില്‍ നിന്ന് സമ്മാനാര്‍ഹമായി ലഭിച്ച തുകയാണ് നഷ്ടമായത്. ലോട്ടറിയും കളക്ഷന്‍ തുകയുമുണ്ടായിരുന്നു. അലക്‌സാണ്ടറിന്റെ ലോട്ടറിക്കടയിലെ ജീവനക്കാരനായ സാമാണ് പണമടങ്ങിയ ബാഗുമായി യാത്ര ചെയ്തത്. ബൈക്കില്‍ പോകുമ്പോള്‍ പാന്റിന്റെ ബെല്‍ട്ടിലാണ് ഈ ബാഗ് കൊളുത്തിയിട്ടിരുന്നത് എന്നാണ് സാം, അലക്‌സാണ്ടറിനെ അറിയിച്ചത്. തകഴിക്കും വളഞ്ഞവഴിക്കും ഇടയില്‍ എവിടെയോ നഷ്ടപ്പെട്ടു എന്നാണ് അറിയിച്ചിട്ടുള്ളത്.
ഈ വഴിയില്‍ അലക്‌സാണ്ടറും സാമും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ബാഗ് കണ്ടെത്താനായില്ല. പിന്നീട് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവിയടക്കം പരിശോധിച്ചു വരികയാണ്.