‘വിഘടനവാദം പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം?’; പിണറായിക്ക് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ

തൃശൂർ: അപരമത വിദ്വേഷം പരത്തുന്ന ആൾ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ. വിഘടന വാദത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് ഗോപാലകൃഷ്ണൻ ചോദിക്കുന്നു. മഅ്ദനിയെ പൊതു വേദിയിലിരുന്ന് ചുംബിച്ച ആളാണ് പറയുന്നത്. പിഡിപിയുടെയും എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് സമാഹരിക്കാൻ ശ്രമിക്കുന്ന ആൾക്ക് ഇതു പറയാൻ എന്താണ് ധാർമികത? ഇവരുടെയൊക്കെ വോട്ട് വേണ്ട എന്ന് പറയാനുള്ള തന്റേടം പിണറായി വിജയന് ഉണ്ടോയെന്നും ഗോപാലകൃഷ്ണൻ ചോദിക്കുന്നു. പിണറായി വിജയനും മാർക്സിസ്റ്റ് പാർട്ടിയും ആണ് ഏറ്റവും വലിയ വിഘടനവാദികളെന്നും ഇവർ ഇപ്പോൾ വാദിയെ പ്രതിയാക്കുകയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.
ഗോപാലകൃഷ്ണനെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി തന്റെ ഭാഗം കേട്ടിട്ടില്ലെന്നും എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ഗേപാലകൃഷ്ണൻ പ്രതികരിച്ചു. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം കോടതി ഇത് ചോദിക്കുന്നത് മനസ്സിലാക്കാം. താൻ ആ സമയത്ത് സ്ഥാനാർത്ഥി ആയിരുന്നില്ല. വിശദീകരണം വക്കീൽ പറയുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവോ എന്ന ചോദ്യത്തിന് എപ്പോഴും ആവർത്തിച്ചു ചോദിക്കേണ്ട ആവശ്യമില്ലെന്നും താൻ പറഞ്ഞതൊന്നും മാറ്റി പറഞ്ഞിട്ടില്ലെന്നും ഗോപാലകൃഷ്ണൻ മറുപടി നൽകി. താൻ പറഞ്ഞ കാര്യങ്ങൾ കൃത്യമാണ്. രാജ്യത്തിനും സമൂഹത്തിനും ഹാനി ഉണ്ടാക്കുന്നത് ഇടതുപക്ഷവും വലതുപക്ഷവും ആണെന്നും ഗോപാലകൃഷ്ണൻ വിമർശിച്ചു.




