MediaNews

എക്‌സിറ്റ് പോള്‍ പൊളിഞ്ഞു; ലൈവായിട്ട് പൊട്ടിക്കരഞ്ഞ് പ്രവചന വിദഗ്ധന്‍; പരിഹസിച്ച് സോഷ്യല്‍മീഡിയ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പൊളിഞ്ഞത് എക്‌സിറ്റ് പോള്‍ നടത്തി ബിജെപിക്കും എന്‍ഡിഎയ്ക്കും 400 ലേറെ സീറ്റുകള്‍ പ്രവചിച്ച ആളുകളാണ്. അതില്‍ പ്രധാനിയാണ് ആക്‌സിസ് മൈ ഇന്ത്യയുടെ ചെയര്‍മാന്‍ പ്രദീപ് ഗുപ്ത. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇന്ത്യ ടുഡേ ചാനലിന്റെ ഫ്‌ളോറിലിരുന്ന് മുഖംപൊത്തി പൊട്ടിക്കരയുന്ന പ്രദീപ് ഗുപ്തയെയാണ് പ്രേക്ഷകര്‍ കണ്ടത്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ തങ്ങളുടെ നിരീക്ഷണം പാളിപ്പോയതായി പ്രദീപ് ഗുപ്ത തുറന്നു സമ്മതിച്ചു.

‘എന്‍.ഡി.എ സഖ്യം 361-401 സീറ്റുകള്‍ നേടുമെന്നായിരുന്നു ഞങ്ങള്‍ പ്രവചിച്ചത്. എന്നാല്‍, ഇപ്പോള്‍ 295 ആണ് അവരുടെ സീറ്റ് നില. അതിനര്‍ഥം ഞങ്ങള്‍ പറഞ്ഞ ഏറ്റവും കുറഞ്ഞ സംഖ്യക്ക് 66 സീറ്റുകള്‍ കുറവാണത്. ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഞങ്ങള്‍ക്ക് പൂര്‍ണമായും തെറ്റുപറ്റി. എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും’ -ഇന്ത്യ ടുഡേ ടെലിവിഷനില്‍ നടന്ന ചര്‍ച്ചയില്‍ പ്രദീപ് ഗുപ്ത പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും രാഹുല്‍ കന്‍വാലും നയിച്ച ചര്‍ച്ചക്കിടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനാവാതെ ഗുപ്ത ‘ലൈവായി’ കരയുകയും ചെയ്തു. മുഖം പൊത്തി വിതുമ്പിയ അദ്ദേഹത്തിന്, കന്‍വാല്‍ ആശ്വസിപ്പിക്കാനെത്തിയിട്ടും കരച്ചിലടക്കാനായില്ല.

‘ഉത്തര്‍പ്രദേശില്‍, ഞങ്ങള്‍ ഏകദേശം 67 സീറ്റുകളുടെ താഴ്ന്ന പരിധി പ്രവചിച്ചെങ്കിലും എന്‍.ഡി.എക്ക് നേടാനായത് 38 സീറ്റുകള്‍ മാത്രം. അതുകൊണ്ട് തന്നെ 30 സീറ്റുകളുടെ കുറവാണ് ഞങ്ങളുടെ കണക്കുകൂട്ടലില്‍ സംഭവിച്ചത്. പശ്ചിമ ബംഗാളില്‍ ഞങ്ങള്‍ ബി.ജെ.പിക്ക് 26 മുതല്‍ 32 വരെ സീറ്റുകള്‍ പ്രവചിച്ചു. പക്ഷേ, അവര്‍ക്ക് ലഭിച്ചത് 11 സീറ്റുകള്‍ മാത്രം. ഞങ്ങളുടെ പ്രവചനത്തില്‍ നിന്ന് 15 സീറ്റുകളുടെ വ്യത്യാസം. അതുപോലെ, മഹാരാഷ്ട്രയില്‍ എന്‍.ഡി.എയ്ക്ക് 28 സീറ്റുകളാണ് പ്രവചിച്ചത്. ലഭിച്ചതാകട്ടെ, 20 സീറ്റുകള്‍. പ്രതീക്ഷിച്ചതിലും എട്ടു സീറ്റുകള്‍ കുറവ്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 60 സീറ്റുകളുടെ വ്യത്യാസം’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മൂന്ന് സംസ്ഥാനങ്ങളിലും ദളിതുകളുടെ വോട്ടിലാണ് തങ്ങളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചതെന്ന് പ്രദീപ് ഗുപ്ത സൂചിപ്പിച്ചു. കുറച്ചുമാത്രം സംസാരിക്കുന്ന അവര്‍ ഈ സംസ്ഥാനങ്ങളില്‍ നിര്‍ണായകമായതായാണ് ഗുപ്തയുടെ ഇപ്പോഴത്തെ നിരീക്ഷണം. മതത്തെ ചുറ്റിപ്പറ്റിയുള്ള സംവാദങ്ങളില്‍നിന്ന് മാറി നില്‍ക്കാനാഗ്രഹിക്കുന്ന ദളിത് സമുദായങ്ങള്‍, സംവരണ വിഷയത്തിലും ഭരണഘടന വെല്ലുവിളി നേരിടുന്നുവെന്നതിലും എന്‍.ഡി.എയോട് അകല്‍ച്ച കാട്ടിയെന്നും ഗുപ്ത ഇപ്പോള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button