Blog

കാര്‍ പാര്‍ക്കിങ്ങിന് 400 രൂപ , ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ കൊടും കൊള്ള നടത്തിയ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തരില്‍ നിന്ന് പാര്‍ക്കിങ്ങിന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ രണ്ട് പേര്‍ പിടിയില്‍. എസ് എം വി ഗവണ്‍മെന്റ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഉള്‍പ്പടെ രണ്ട് പേരാണ് പിടിയിലായത്. ഒരു കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി 400 രൂപയാണ് ഇവര്‍ ഭക്തരില്‍ നിന്ന് വാങ്ങിയത്. പി ടി എ വികസന ഫണ്ടിന്റെ റസീത് ആണ് വാഹന ഉടമകള്‍ക്ക് നല്‍കിയത്.

സംഭവത്തില്‍ പിടിഎ പ്രസിഡന്റ് കര്‍ണന്‍, ഭാരവാഹി ഹാഷിം എന്നിവര്‍ക്കെതിരെ കേസെടുത്തു. തമ്പാനൂര്‍ പൊലീസ് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ കരുതല്‍ അറസ്റ്റിലാക്കി. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അനധികൃത പിരിവിന്റെ പേരില്‍ നിരവധി പരാതികള്‍ കിട്ടിയെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഐരാണിമുട്ടത്ത് താല്‍ക്കാലികമായി തട്ടിക്കൂട്ടിയ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മേയര്‍ വി വി രാജേഷ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. തുടര്‍ന്ന് അനുവദനീയ നിരക്ക് മാത്രമേ ഈടാക്കൂ എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കി. സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നേടണം എന്നാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമാവലിയിലെ പ്രധാന നിര്‍ദേശം. ഓരോ തരം വാഹനങ്ങളില്‍ നിന്ന് ഈടാക്കേണ്ട നിരക്കും നിയമാവലിയിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button