
വിവാഹേതര ബന്ധത്തിൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന് കളയാൻ ശ്രമം. സംഭവത്തിൽ കുട്ടിയുടെ മാതാവിൻ്റെ ആൺ സുഹൃത്ത് ജോൺ തോമസ് എന്ന ടോണിയെ ആണ് കളമശ്ശേരി കോടതി റിമാൻഡ് ചെയ്തു. അങ്കമാലി സ്വദേശിയായ യുവതിയിൽ ടോണിക്ക് ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച് കടന്ന് കളയാൻ ടോണി ശ്രമിച്ചത്.
മറ്റൊരു കുടുംബത്തിന് കൈമാറിയ കുട്ടിയെ ശനിയാഴ്ച പുലർച്ചെ അവശ നിലയിൽ ആലുവ മുപ്പത്തടത്തു നിന്നും പോലീസ് കണ്ടെത്തി. ഭർത്താവിനോട് പിണങ്ങി ആലുവയിലെ സ്വന്തം വീട്ടിൽ താമസിക്കുമ്പോൾ ആണ് യുവതി പ്രതിയെ പരിചയപ്പെട്ടത്. വിവാഹിതയും, രണ്ടു കുട്ടികളുടെ അമ്മയുമാണ് യുവതി. പ്രതിയായ ടോണിയും വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ഇരുവരും ചേർന്ന് ഉപേക്ഷിച്ചത്.
വിദഗ്‌ദ്ധ ചികിത്സ നൽകിയ ശേഷം കുഞ്ഞിനേയും അമ്മയെയും കളമശ്ശേരി പോലീസ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ ഏല്പിച്ചു. ജൂലൈ 26 ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതി ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിട്ടു. ഇതിനു പിന്നാലെയാണ് കുട്ടിയെ ഒഴിവാക്കാനായി മറ്റൊരു കുടുംബത്തിന് കൈമാറിയത്.