ഭര്‍ത്താവിനെ ജയിപ്പിക്കാനുള്ള തിരക്കില്‍ പാവങ്ങളുടെ കോടികള്‍ പാഴാക്കി സിപിഎം വനിതാ മന്ത്രി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് സംസ്ഥാനത്തെ സിപിഎം മന്ത്രിമാര്‍. മന്ത്രിസ്ഥാനത്തിരുന്ന് ആലത്തൂരില്‍ മത്സരിക്കുന്ന കെ. രാധാകൃഷ്ണന്റെ തിരക്ക് കാരണം പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗത്തിന് നഷ്ടപ്പെട്ടത് 700 കോടി രൂപയാണെന്ന വിവരം മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോള്‍ മറ്റൊരു മന്ത്രിയുടെ കഴിവില്ലായ്മ കൂടി പുറത്തുവന്നിരിക്കുകയാണ്. ഭര്‍ത്താവിന്റെ തെരഞ്ഞെടുപ്പ് തിരക്കിലുള്ള മന്ത്രി ബിന്ദുവിന്റെ അനാസ്ഥ കാരണം പാഴായിരിക്കുന്നത് 39 കോടി രൂപയാണ്. പാലക്കാട് ലോക്‌സഭ സീറ്റില്‍ മല്‍സരിക്കുന്ന ഭര്‍ത്താവ് എ. വിജയരാഘവനെ ജയിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയാണ് സാമൂഹിക നീതിവകുപ്പിന്റെ മന്ത്രി കൂടിയായ ഡോ. ആർ. ബിന്ദു.
വീടും വീട്ടുകാരും കഴിഞ്ഞേയുള്ളു മന്ത്രി ബിന്ദുവിന് എല്ലാമെന്ന് മന്ത്രി തന്നെ കുറച്ചുകാലം മുമ്പ് വ്യക്തമാക്കിയിരുന്നു. wherever I go I take my house in my head എന്നതാണ് മന്ത്രിയുടെ പ്രവർത്തന രീതിയെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം വീടും തലയിലേറ്റി എവിടെയും പോകുന്ന മന്ത്രിക്ക് പക്ഷേ, പാവങ്ങളുടെ കാര്യത്തില്‍ വലിയ വീഴ്ച്ച സംഭവിക്കുന്നുണ്ട്.
ബിന്ദുവിന് വകുപ്പില്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്തത് കൊണ്ടാവണം 153.33 കോടി പദ്ധതി വിഹിതം ഉണ്ടായിരുന്ന സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ ചെലവ് 57.45 ശതമാനത്തില്‍ ചുരുങ്ങിയത്. ബജറ്റ് വിഹിതത്തില്‍ 65 കോടിയാണ് ബിന്ദു പാഴാക്കി കളഞ്ഞത്.
സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്ക് അനുവദിച്ച ബജറ്റ് വിഹിതം പോലും ചെലവഴിക്കാന്‍ ബിന്ദുവിന് കഴിയാതെ പോയി. ആശ്വാസ കിരണത്തിന് വകയിരുത്തിയ 54 കോടിയില്‍ നിന്ന് ചെലവാക്കിയത് 15 കോടി മാത്രമെന്ന് പ്ലാനിംഗ് ബോര്‍ഡ് രേഖകള്‍ വ്യക്തമാക്കുന്നു. 39 കോടി പാഴാക്കി.

മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 600 രൂപ നിരക്കില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന ധനസഹായം നല്കുന്ന പദ്ധതിയാണ് ‘ആശ്വാസ കിരണം.
18 മാസത്തോളമായി ആശ്വാസ കിരണം പെന്‍ഷന്‍ നല്‍കിയിട്ട്. അപ്പോഴാണ് ആശ്വാസ കിരണം പദ്ധതിക്ക് വകയിരുത്തിയ തുകയില്‍ 39 കോടി ബിന്ദു പാഴാക്കി കളഞ്ഞത്. ഭര്‍ത്താവ് വിജയരാഘവന്‍ സിന്ദാബാദ് എന്ന വിളികളുമായി കഷ്ടപ്പെടുന്ന ബിന്ദുവിന് പാവങ്ങളുടെ ആശ്വാസ കിരണം പെന്‍ഷന്‍ കൊടുക്കാന്‍ എവിടെ സമയം എന്ന വിമര്‍ശനമാണ് ഉയരുന്നത്. പദ്ധതികള്‍ ഇനിയും വരും തെരഞ്ഞെടുപ്പ് അങ്ങനെ അല്ല എന്ന് ബിന്ദുവിന് നന്നായി അറിയാം. ആശ്വാസ കിരണം പെന്‍ഷന്‍ കിട്ടാനുള്ള ജനങ്ങളുടെ കാത്തിരിപ്പ് ഇനിയും തുടരുമെന്ന് വ്യക്തം.