രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുക്കാന്‍ നിയമസഭ; എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കല്‍ പരിഗണനയില്‍

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. എംഎല്‍എ സ്ഥാനം അയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അറിയിച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി പാര്‍ട്ടിയുടെ അന്തര്‍കാര്യമായതിനാല്‍ അതില്‍ സ്പീക്കര്‍ക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റിയില്‍ പരിശോധിക്കും. തുടര്‍ച്ചയായി വരുന്ന ഗുരുതരമായ പരാതികളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശമാകുമെന്ന് ഷംസീര്‍ ചൂണ്ടിക്കാട്ടി. നിയമത്തിനുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ ഡിവൈഎഫ്‌ഐയും യുവമോര്‍ച്ചയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി പരിസരത്ത് പൊലീസിന് വന്‍ സുരക്ഷ ഏര്‍പ്പെടുത്തേണ്ടി വന്നു. പാലക്കാട്ടെ രാഹുലിന്റെ എംഎല്‍എ ഓഫീസില്‍ ബിജെപി നേതൃത്വവും പ്രതിഷേധം സംഘടിപ്പിച്ചു. എംഎല്‍എ പദവി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.




