നിയമസഭാ തെരഞ്ഞെടുപ്പ്: മാറിനില്‍ക്കണമെന്ന ആവശ്യം തള്ളി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഇത്തവണ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട എന്‍സിപി കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് മന്ത്രി എ.കെ. ശശീന്ദ്രന്‍ തള്ളി. എലത്തൂരില്‍ സംസ്ഥാന നേതാക്കളാണ് സാധാരണയായി മത്സരിക്കാറുള്ളതെന്നും, മാറ്റം വേണമെങ്കില്‍ അത് കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥിയുടെ ജയസാധ്യതയാണ് ഏറ്റവും പ്രധാനമെന്നും, മത്സരിക്കണമോ വിരമിക്കണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കട്ടെയെന്നും ശശീന്ദ്രന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് എ.കെ. ശശീന്ദ്രന്‍ മാറിനില്‍ക്കണമെന്ന ആവശ്യവുമായി എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് നേരത്തെ രംഗത്തെത്തിയിരുന്നു. എലത്തൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. നിരവധി തവണ എംഎല്‍എയും രണ്ട് തവണ തുടര്‍ച്ചയായി മന്ത്രിയുമായ ശശീന്ദ്രന് ഇത് മാന്യമായ വിരമിക്കലിന് അനുയോജ്യമായ സമയമാണെന്ന് മുക്കം മുഹമ്മദ് അഭിപ്രായപ്പെട്ടു.
രാജി ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ പിന്തുണ, ഇത്തവണ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ശശീന്ദ്രന്‍ പത്ത് വര്‍ഷത്തിലധികമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിയായി സേവനം അനുഷ്ഠിച്ചതായും, ഇനി അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതത്തിന് മാന്യമായൊരു യാത്രയയപ്പാണ് വേണ്ടതെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവായ വിലയിരുത്തലെന്നും മുക്കം മുഹമ്മദ് പറഞ്ഞു.




