News

ഏഷ്യാ കപ്പിൽ ഇന്ന് സൂപ്പർ ഫൈനൽ ; കിരീട പോരാട്ടത്തിനായി ഇന്ത്യയും പാകിസ്ഥാനും ഇറങ്ങും

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം. ദുബായിൽ രാത്രി എട്ടിനാണ് ഫൈനല്‍ മത്സരം തുടങ്ങുക. ടൂർണമെന്‍റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഹസ്തദാനത്തിനുപോലും തയ്യാറാവാത്ത അയൽക്കാർ. കളിക്കളത്തിന് അപ്പുറത്തേക്ക് നീളുന്ന വീറും വാശിയും. വൻകരയുടെ ചാമ്പ്യൻമാരാവാൻ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമ്പോള്‍ പോരാട്ടം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒറ്റക്കളിയും തോൽക്കാതെ സൂര്യകുമാർ യാദവും സംഘവും കിരീടപ്പോരിനിറങ്ങുന്നത്. പാകിസ്ഥാൻ തോറ്റത് രണ്ടുകളിയിൽ. രണ്ടും ഇന്ത്യയോടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനും. ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല സൽമാൻ അലി ആഘയ്ക്കും സംഘത്തിനും. ഇതുവരെയുളള മികവുകൊണ്ട് ഇന്ത്യയെ മറികടക്കാൻ പാകിസ്ഥാന് കഴിയില്ലെന്നുറപ്പ്.

ഇന്ത്യക്ക് സന്തോഷവാര്‍ത്ത
വെടിക്കെട്ട് തുടക്കം നൽകുന്ന അഭിഷേക് ശർമ്മ പരിക്കിൽനിന്ന് മുക്തനായത് ഇന്ത്യക്ക് ആശ്വാസവാര്‍ത്താണ്. അഭിഷേകും ശുഭ്മൻ ഗില്ലും ക്രീസിലുറച്ചാൽ ജയത്തിലേക്കുളള ഇന്ത്യയുടെ വഴി എളുപ്പമാകും. സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബേ എന്നിവർ അവസരത്തിനൊത്തുയരണം. ജസ്പ്രീത് ബുംറയുടെ വേഗപന്തുകൾക്കൊപ്പം കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവരുടെ സ്പിൻ മികവാകും കളിയുടെ ഗതിയും വിധിയും നിശ്ചയിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button