നാളെ ആശാവര്‍ക്കര്‍മാരുടെ സമരപ്രതിജ്ഞാ റാലി; വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ 265 ദിവസമായി ആശമാരുടെ ഒരു വിഭാഗം നടത്തി വന്നിരുന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. സമരത്തിന്റെ സമാപന ദിവസമായ നാളെ സമരപ്രതിജ്ഞാ റാലി സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ റാലി ഉദ്ഘാടനം ചെയ്യും.
തങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ നേടിയെടുക്കാനായതായി സമരസമിതി ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു അറിയിച്ചു. ഓണറേറിയം മാസത്തിലെ അഞ്ചാം തീയതിക്ക് മുന്‍പായി ലഭ്യമാക്കണമെന്ന് ഉള്‍പ്പെടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ആശമാരുടെ ജോലിസംബന്ധമായ വിഷയങ്ങളിലും വ്യക്തത വരുത്താന്‍ കഴിഞ്ഞു, എന്നും ബിന്ദു പറഞ്ഞു.
എന്നാല്‍, ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നും, അതിനായുള്ള പോരാട്ടം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.
ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും, ആശമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ സമരം ശക്തമാക്കുമെന്നും എം.എ. ബിന്ദു കൂട്ടിച്ചേര്‍ത്തു.


