KeralaNews

സെക്രട്ടറിയേറ്റിന് മുന്നിലുളള സമരപന്തലിൽ വിഷുക്കണി ഒരുക്കി ആശാവർക്കർമാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലുളള സമരപന്തലിൽ വിഷുക്കണി ഒരുക്കി ആശാവർക്കർമാർ. ഓണറേറിയം വർദ്ധനവ് അടക്കമുളള കാര്യങ്ങൾ ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന രാപകൽ സമരം ഇന്ന് 65-ാം ദിവസം പിന്നിടുകയാണ്. സമരം കൂടുതൽ ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഏപ്രിൽ 21ന് ആദരമർപ്പിക്കാൻ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

ഞങ്ങൾ അവകാശങ്ങൾ ചോദിച്ചു വന്നതുകൊണ്ട് ഈ വർഷത്തെ വിഷു തെരുവിലാണ് ആഘോഷിക്കേണ്ടി വന്നത്. ഞങ്ങളുടെ ഈ വർഷത്തെ വിധി ഇങ്ങനെയാണ്. ഇനിയെങ്കിലും മന്ത്രി കണ്ണ് തുറന്ന് ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെസഹാ വ്യാഴത്തിന് മുൻപ് എന്തെങ്കിലും തീരുമാനമെടുത്താൽ അത് വീടുകളിൽപ്പോയി ആഘോഷിക്കാം’- ആശമാരിലൊരാൾ പ്രതികരിച്ചു.രാപകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു.

ആശമാർ നടത്തുന്നത് ഐതിഹാസിക സമരമെന്ന് സമരസമിതി നേതാവ് മിനി ഇന്നലെ പ്രതികരിച്ചിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ പ്രവർത്തകരെയും സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം സംഘടിപ്പിച്ചിരുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പൗരസാഗരത്തിൽ പങ്കെടുത്തവർ ഉന്നയിച്ചത്.സമരം ഒത്തുതീർക്കാനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഇല്ലാത്തതിനാൽ പുതിയ സമരരീതികളിലേക്ക് കടക്കാനാണ് സമരക്കാരുടെ തീരുമാനം. നിരാഹാര സമരം ഇന്ന് 27-ാം ദിവസമാണ്. അതിനിടെ തൊഴിൽ മന്ത്രിയുമായി സമരസമിതി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button