ആസിയാൻ ഉച്ചകോടിക്ക് തുടക്കം; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങുന്നു

രണ്ട് ദിവസത്തെ ആസിയാൻ (ASEAN) ഉച്ചകോടിക്ക് തുടക്കം കുറിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി സമ്മേളനത്തിൽ സംസാരിക്കും.
ഉച്ചകോടിയിൽ ഇന്ത്യ തങ്ങളുടെ ശക്തമായ നിലപാട് അവതരിപ്പിക്കുമെന്ന് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു. വ്യാപാര രംഗത്ത് ചില രാജ്യങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പ് നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നു ഇന്ത്യ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിലക്ക് ഉൾപ്പെടെ നിരവധി വിഷയങ്ങൾ പ്രധാന ചർച്ചാവിഷയങ്ങളായി ഉയർന്നേക്കും.
ആസിയാൻ ഉച്ചകോടിക്കായുള്ള യാത്രയ്ക്കിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളും സമ്മേളനത്തിൽ ചർച്ചയാവാൻ സാധ്യതയുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരത്വം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് പൂർണ്ണമായും നിർത്തിവയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇക്കാര്യങ്ങളിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഏഷ്യൻ മേഖലയിലെ നയതന്ത്രവും വ്യാപാരബന്ധങ്ങളും നിർണായകമാക്കുന്ന തീരുമാനങ്ങൾ ഈ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി വിർച്വലായി പങ്കെടുക്കും.
പ്രധാനമന്ത്രി മോദി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഈ തീരുമാനം അറിയിക്കുകയും ചെയ്തു. അവസാന നിമിഷം നേരിട്ട് പങ്കെടുക്കാതിരിക്കുക ഒരു നയതന്ത്ര നീക്കമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ബിഹാർ തിരഞ്ഞെടുപ്പ് അടക്കം ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ട്രംപുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കാനുള്ള തീരുമാനവും ഇതിൽ ഉൾപ്പെടാമെന്ന് വിലയിരുത്തൽ. 2014 മുതൽ 2019 വരെ പ്രധാനമന്ത്രി മോദി എല്ലാ വർഷവും ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് 2020, 2021 വർഷങ്ങളിൽ ഉച്ചകോടി നടന്നിരുന്നില്ല. 2022ൽ അദ്ദേഹം പങ്കെടുത്തിരുന്നില്ലെങ്കിലും കഴിഞ്ഞ രണ്ട് തവണയും മോദി സമ്മേളനത്തിൽ സജീവമായി പങ്കെടുത്തിരുന്നു.


