ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസൻ മടങ്ങുമ്പോൾ

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ. ഹാസ്യത്തിനും ചിന്തയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ രചനകളും തന്മയത്വമുള്ള അഭിനയ ശൈലിയും മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്
മലയാളിയുടെയും മലയാളി ജീവിതത്തിന്റെയും കണ്ണാടിയായിരുന്നു ശ്രീനിവാസൻ. ആകാരസൗഷ്ഠവത്തിനപ്പുറം അഭിനയമാണ് നായകന്റെ കരുത്തെന്ന് മലയാളത്തെ ബോധ്യപ്പെടുത്തിയ നടൻ. ആക്ഷേപഹാസ്യവും ആത്മപരിഹാസവും സാമൂഹ്യവിമർശനവും നിറച്ച കഥാപാത്രങ്ങൾ. സാധാരണക്കാരൻ എന്ന അസ്തിത്വത്തെ അവ ആഘോഷിച്ചു. അമിതമായ ചലനങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ലാത്ത ശ്രീനിവാസൻ കഥാപാത്രങ്ങൾ ഹാസ്യത്തിന് പുതിയ ഭാഷ രചിച്ചു.
നാടോടിക്കാറ്റി’ലെ ദാസൻ, ‘സന്ദേശ’ത്തിലെ പ്രഭാകരൻ, ‘കഥ പറയുമ്പോഴിലെ ബാർബർ ബാലനും അറബിക്കഥയിലെ ക്യൂബ മുകുന്ദനും ഉദയനാണ് താരത്തിലെ സരോജ് കുമാറും മലയാളിക്ക് മറക്കാനാകാത്ത വേഷങ്ങളായി. ഹാസ്യവേഷങ്ങളും സ്വഭാവ റോളുകളും നായകവേഷങ്ങളും ശ്രീനിവാസന് ഒരുപോലെ ഇണങ്ങി.
കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന ഗ്രാമത്തിൽ, അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി 1956ൽ ജനിച്ച ശ്രീനിവാസൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം, 1977-ൽ മദ്രാസ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി. പ്രശസ്ത നടൻ രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു.1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൂടെയും ഡബ്ബിംഗ് ആർട്ടിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു.


