
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 1 മണി വരെ നിർത്തിവച്ചു.
ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നീ എംപിമാരാണ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വച്ചത്. ബജ്റംഗ്ദൾ പ്രവർത്തകർ പോലീസിന്റെ സാന്നിധ്യത്തിൽ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന മൂന്ന് സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജരംഗ്ദൾ പ്രവർത്തകരാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവർത്തകർ പരിശോധിച്ചു.