സംസ്ഥാന പൊലീസ് മേധാവി നിയമനം; അസാധാരണ നീക്കവുമായി സര്‍ക്കാര്‍, യുപിഎസ്സി ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നുള്ള ആളെ ഇന്‍ ചാര്‍ജായി നിയമിക്കും

സംസ്ഥാന പൊലീസ് മേധാവി നിയമനത്തില്‍ അസാധാരണ നീക്കവുമായി സര്‍ക്കാര്‍. യുപിഎസ്സി ചുരുക്ക പട്ടികയ്ക്ക് പുറത്തു നിന്നുള്ള ആളെ ഇന്‍ ചാര്‍ജായി നിയമിക്കാനാണ് ഏറ്റവും പുതിയ നീക്കം. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. കഴിഞ്ഞ ദിവസമാണ് യുപിഎസ്സി യോഗം ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് യുപിഎസ്സി മടക്കി അയച്ചത്. അതില്‍ ഡിജിപി വിഭാഗത്തില്‍ മുതിര്‍ന്ന കേഡറായ നിതിന്‍ അഗര്‍വാളും, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖറും, ഫയര്‍ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയുമാണ് യുപിഎസ്സി ചുരുക്ക പട്ടികയിലുള്ളത്.
പുതിയ പൊലീസ് മേധാവിയെ നിയമിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ അധികം സമയമില്ല. ഈ മാസം 30 ന് നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബ് സ്ഥാനമൊഴിയും. അന്ന് തന്നെ പുതിയ മേധാവി സ്ഥാനമേല്‍ക്കണം. തിങ്കളാഴ്ച ഓണ്‍ലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.