
ഐ.എച്ച്.ആർ.ഡി യിൽ സ്വയം വിരമിയ്ക്കലിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സ്വയം വിരമിക്കലിന് അപേക്ഷ ക്ഷണിച്ചത്. 20 വർഷം പൂർത്തിയായവർക്ക് അപേക്ഷിക്കാം. അച്ചടക്ക നടപടിയ്ക്ക് വിധേയരായവർക്കും, വിജിലൻസ് കേസ് ഉള്ളവർക്കും അപേക്ഷിക്കാൻ കഴിയില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് വേണ്ടിയാണ് വി.ആർ.എസ് പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം.
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ 87 സ്ഥാപനങ്ങളാണ് ഉള്ളത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രധാനപ്പെട്ട വിഭാഗമാണ് ഐഎച്ച്ആര്‍ഡി. കഴിഞ്ഞവര്‍ഷം ഐഎച്ച്ആര്‍ഡിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് വിആര്‍എസ് നിര്‍ദേശം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിആര്‍എസ് അനുവദിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍ഡും വിദ്യാര്‍ഥികളുടെ ഫീസും വാങ്ങിയാണ് ഐഎച്ച്ആര്‍ഡി നടത്തിക്കൊണ്ടുപോയിരുന്നത്. എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും പോളിടെക്‌നിക്കില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറഞ്ഞു. അതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഇനത്തില്‍ ലഭിക്കുന്ന പണവും കുറഞ്ഞു. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഐഎച്ച്ആര്‍ഡിയെ എത്തിച്ചിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് വിആർഎസ് തീരുമാനത്തിലേക്ക് ഐഎച്ച്ആർഡി എത്തിയത്.