നിലമ്പൂരില്‍ പി വി അന്‍വര്‍ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്‍വറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് തെളിയിച്ചു. കഴിഞ്ഞ 9 വര്‍ഷക്കാലം അദ്ദേഹം അവിടെ എംഎല്‍എ ആയിരുന്നു. അതുകൊണ്ടുതന്നെ അന്‍വര്‍ ഫാക്ടര്‍ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
അന്‍വറിനെ ആരും കൂട്ടാതെ ഇരുന്നതല്ല, കൂടാതെ ഇരുന്നതാണ്. ഇത്രയും വോട്ടുകള്‍ കിട്ടുന്ന അന്‍വറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ല. അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ എന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യും, അത് താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. രാഷ്ട്രീയത്തില്‍ പൂര്‍ണമായി അടഞ്ഞ വാതിലുകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നിലമ്പൂരില്‍ യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്തും. എല്‍ഡിഎഫ് രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ ഭൂരിപക്ഷത്തോടെ യുഡിഎഫിന്റെ സ്ഥാനാര്‍ഥി കംഫര്‍ട്ടബിള്‍ മജോരിറ്റിയില്‍ ജയിക്കും. നിലമ്പൂരില്‍ പ്രകടമാകുന്നത് ഭരണ വിരുദ്ധ വികാരമാണ്. യുഡിഎഫ് വോട്ടുകള്‍ അന്‍വറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.