Kerala

ആൻ്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാക്കാൻ കഴിയില്ല ; സ്പീക്കർക്ക് അഭിഭാഷകന്റെ കത്ത്

തിരുവനന്തപുരം: കോടതി തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിൽ, ആൻ്റണി രാജു എംഎൽഎയുടെ അപ്പീൽ കാലയളവിൽ നിയമസഭാ അംഗത്വം റദ്ദാക്കാനോ രാജി ആവശ്യപ്പെടാനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് . ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങാണ് സ്പീക്കർക്ക് കത്ത് നൽകിയത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും, ഈ അപ്പീൽ കാലയളവിൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത പ്രഖ്യാപിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു. എന്നാൽ അപ്പീലിന് സ്റ്റേ ലഭിക്കാത്ത പക്ഷം നിയമസഭാ അംഗത്വം റദ്ദാക്കാൻ നിയമപരമായി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പീൽ കാലയളവിൽ മാതൃകാപരമായ നടപടിയെന്ന നിലയിൽ ആൻ്റണി രാജുവിനെ നിയമസഭാ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാമെന്നും, അങ്ങനെ ചെയ്യണമെന്നുമാണ് അഡ്വ. കുളത്തൂർ ജയ്സിങിന്റെ ആവശ്യം. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് ആൻ്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയത്. കേസിൽ പരമാവധി ശിക്ഷ വിധിക്കേണ്ടത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരിക്കുമെന്നും അറിയിച്ചു. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നതെന്നും കത്തിൽ പറയുന്നു.

മുൻ മന്ത്രിയായ ആൻ്റണി രാജുവിനെതിരെ 32 വർഷങ്ങൾക്ക് ശേഷമാണ് കോടതി വിധി വന്നിരിക്കുന്നത്. കേസിൽ ഒന്നാം പ്രതി കെ.എസ്. ജോസും രണ്ടാം പ്രതി ആൻ്റണി രാജുവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 1990 ഏപ്രിൽ 4-ന് ലഹരിമരുന്ന് കൈവശം വച്ചിരുന്ന ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചുവെന്നതാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ ഉൾപ്പെടെ ആറു വകുപ്പുകളിലാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഐപിസി 409, 34, 120ബി, 201 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കോടതിക്ക് പരമാവധി ശിക്ഷ വിധിക്കാൻ അധികാരമില്ലാത്തതിനാലാണ് ശിക്ഷാവിധി സിജെഎം കോടതിയിലേക്ക് മാറ്റിയതെന്നും, കോടതി കുറ്റക്കാരനെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമസഭാ അംഗത്വം സസ്പെൻഡ് ചെയ്യുകയാണ് ഉചിതമെന്നുമാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button