
ചെന്നൈ: എഐഎഡിഎംകെയുടെ സീറ്റ് വിഭജനത്തിന് പിന്നാലെ കടുത്ത പ്രതിഷേധത്തിൽ തമിഴ്നാട്ടിലെ മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ജയ സാധ്യതയില്ലാത്ത സീറ്റുകൾ ബിജെപിക്ക് നൽകിയെന്നതാണ് അമർഷത്തിന് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അണ്ണാമലൈ ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി. താൻ മത്സരത്തിനില്ലെന്നും അണ്ണാമലൈ അറിയിച്ചു. ബാക്കി മെയ് 4ന് പറയാം എന്നാണ് അണ്ണാമലൈയുടെ നിലപാട്.
അതേസമയം അണ്ണാമലൈയെ വെട്ടിയെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. ബിജെപി സംസ്ഥാന നേതാക്കൾ ഒതുക്കാൻ ശ്രമിച്ചെന്ന് അനുയായികൾ പറയുന്നു. അണ്ണാമലൈ മത്സരിക്കാൻ സാധ്യത ഉണ്ടായിരുന്ന സീറ്റുകൾക്കായി ശ്രമിച്ചില്ല. നൈനാറും വാനതിയും സ്വന്തം കാര്യം മാത്രം നോക്കിയെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. കോയമ്പത്തൂരിൽ ബിജെപിക്ക് ഒരു സീറ്റ് മാത്രമേ അനുവദിച്ചിട്ടുള്ളൂ. സിംഗനല്ലൂരിൽ നിന്നോ കാവുണ്ടംപാളയത്തിൽ നിന്നോ മത്സരിക്കാനാണ് അണ്ണാമലൈ ആഗ്രഹിച്ചതെന്നാണ് വിവരം. ഇവ രണ്ടും ബിജെപിക്ക് അനുവദിച്ചിട്ടില്ല.അതേസമയം തഞ്ചാവൂർ, ഗന്ധർവക്കോട്ടൈ എന്നീ രണ്ട് മണ്ഡലങ്ങൾ വച്ചുമാറാനുള്ള സാധ്യത ബിജെപി പരിശോധിക്കുന്നുണ്ട്. 2021 ൽ ഡിഎംകെയും സഖ്യകക്ഷിയായ സിപിഎമ്മും ആണ് ഈ മണ്ഡലങ്ങൾ വിജയിച്ചത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നു. ബിജെപിക്ക് അനുവദിച്ച മണ്ഡലങ്ങൾ, സാധ്യതയുള്ള സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു. എന്നാൽ അണ്ണാമലൈ ഈ യോഗത്തിൽ പങ്കെടുത്തില്ല. മൈലാപ്പൂരിൽ നിന്ന് മത്സരിക്കാൻ സാധ്യതയുള്ള മുതിർന്ന ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ, ഇത്തവണ കോയമ്പത്തൂർ നോർത്തിൽ നിന്ന് മത്സരിക്കുമെന്ന് കരുതുന്ന നിലവിൽ കോയമ്പത്തൂർ സൗത്ത് എംഎൽഎ ആയ വാനതി ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു. സ്ഥാനാർത്ഥി പട്ടിക ബിജെപി രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കിയേക്കും.




