അദാനിക്ക് കടുത്ത തിരിച്ചടി നല്‍കാന്‍ ആന്ധ്ര സര്‍ക്കാര്‍ : എല്ലാ ഊർജവിതരണ കരാറുകളും റദ്ദാക്കാന്‍ നീക്കം തുടങ്ങി

0

അദാനിക്ക് കടുത്ത തിരിച്ചടി നല്‍കാന്‍ ആന്ധ്ര സര്‍ക്കാര്‍. അദാനിയുമായുണ്ടാക്കിയ എല്ലാ ഊർജവിതരണ കരാറുകളും റദ്ദാക്കിയേക്കും.അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ ഊർജ വിതരണ കരാറുകൾ ചന്ദ്രബാബു നായിഡു സർക്കാർ പുനഃപരിശോധിക്കും. സാധ്യമെങ്കിൽ നിലവിലെ എല്ലാ കരാറുകളും റദ്ദാക്കാൻ നീക്കം തുടങ്ങി. കരാറിന് അടിസ്ഥാനമായ എല്ലാ ഫയലുകളും വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് ധനമന്ത്രി പയ്യാവുല കേശവ് പറഞ്ഞു. വാർത്താ ഏജൻസിയായ ‘റോയിറ്റേഴ്സി’നോടാണ് മന്ത്രിയുടെ പ്രതികരണം

ഇന്ത്യയിൽ ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ ഊർജവിതരണക്കരാറായിരുന്നു ആന്ധ്ര സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുണ്ടായിരുന്നത്. അദാനി ഗ്രൂപ്പ് ഏഴ് ഗിഗാവാട്ട് സോളാർ പവർ ആന്ധ്രയിലെ ഊർജവിതരണക്കമ്പനികൾക്ക് നൽകുകയെന്നതായിരുന്നു കരാർ. ഇത് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് വൻതോതിൽ അഴിമതിപ്പണം നൽകി നേടിയെടുത്തതാണെന്നാണ് യുഎസിന്‍റെ കണ്ടെത്തൽ.കരാറിൽ അഴിമതിയുണ്ടെന്ന ആരോപണം വൈഎസ്ആർ കോൺഗ്രസ് വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചിരുന്നു. ആന്ധ്ര അടക്കം നാല് സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും ഊർജവിതരണ കരാറുകൾ കിട്ടാൻ അദാനി ഗ്രൂപ്പ് വിവിധ സർക്കാരുദ്യോഗസ്ഥർക്ക് വൻകോഴ നൽകിയെന്നാണ് യുഎസ് അധികൃതർ പുറത്ത് വിട്ട റിപ്പോർട്ടിലുള്ളത്.

വൻ കരാറുകൾ കാണിച്ച് യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് മൂലധനസമാഹരണം നടത്തിയെന്നതാണ് ആരോപണം.നേരത്തേ സ്കിൽസ് ഇന്ത്യ പദ്ധതിക്ക് വേണ്ടി അദാനി നൽകിയ ആയിരം കോടി രൂപ തെലങ്കാന സർക്കാർ വേണ്ടെന്ന് വച്ചിരുന്നു.അനാവശ്യ ആരോപണങ്ങളിൽ ഒരു ക്ഷേമപദ്ധതി കുരുങ്ങാതിരിക്കാനാണ് പണം നിരസിക്കുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here