ജാനകി അല്ല, ജാനകി വി എന്നാക്കാം’; പേര് മാറ്റാൻ തയ്യാറെന്ന് നിർമാതാക്കൾ കോടതിയിൽ, റിലീസ് ഉടൻ

0

ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

സിനിമയുടെ രണ്ടു ഭാഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധനയും നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു.

കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് മാറ്റി. ബുധനാഴ്ച രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് 2 മണിക്കും കേസ് പരിഗണിച്ചപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി ജാനകി’ എന്നോ ‘ജാനകി വി’ എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ‍ വരുത്തിയാൽ അനുമതി നൽകാമെന്ന് സെൻസർ ബോർഡ് രാവിലെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here