പോസ്കോ കേസ് പ്രതിയ്ക്ക് ജാമ്യം നില്ക്കുവാൻ ശ്രമം; സർക്കിൾ ഇൻസ്പെക്ടറുടെ നടപടി അന്വേഷിക്കുവാൻ നിർദ്ദേശം

പോസ്കോ കേസ് പ്രതിയ്ക്ക് ജാമ്യം നില്ക്കുവാൻ പത്തനംതിട്ട സൈബർ സെൽ ഇൻസ്പെക്ടർ ബി.കെ സുനിൽകൃഷണ ശ്രമിച്ചത് അന്വേഷിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശം. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച നല്കിയ പരാതിയെ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുവാൻ സംസ്ഥാന പോലീസ് മേധാവിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ശക്തമായി തടയുവാനാണ് പോസ്കോ ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്നത് . ഇത്തരം കേസുകളിൽപ്പെട്ട പ്രതികളെ കേസിൽ സംരക്ഷിക്കുന്നതായി സർവ്വീസിലുള്ള പോലീസ് ഉദ്യോഗസ്ഥർ യാതൊരു ഇടപെടലുകളും നടത്തരുതെന്നും ഇത്തരം കേസുകളിലെ പ്രതികളുമായി യാതൊരു ബന്ധവും പാടില്ലെന്നും കർശന നിർദ്ദേശം നിലനില്ക്കുന്നു. ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത ശങ്കരൻകുട്ടിയ്ക്ക് ജാമ്യം നില്ക്കുവാൻ പത്തനംതിട്ട സൈബർ സെല്ലിലെ സർക്കിൾ ഇൻസ്പെക്ടർ ബി. കെ സുനിൽ കൃഷ്ണ ശ്രമിച്ചത് അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണ്. സംഭവം പുറത്തായതോടെ പ്രതിയ്ക്കുവേണ്ടി ജാമ്യം നല്കുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ പിൻമാറി രക്ഷപ്പെടുകയായിരുന്നു. പ്രസ്തുത കേസിലെ പ്രതിയ്ക്ക് വേണ്ടി ഏനാത്ത് പോലീസ് സ്റ്റേഷനിൽ പത്തനംതിട്ട ജില്ലയുള്ള സർക്കിൾ ഇൻസ്പെക്ടർ എന്ന നിലയിൽ ബി. കെ സുനിൽ കൃഷ്ണ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.



