അമീബിക് മസ്തിഷ്‌ക ജ്വരം; ആക്കുളത്തെ നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആക്കുളം നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. നീന്തല്‍ക്കുളത്തിലെ മുഴുവന്‍ വെള്ളവും തുറന്നുവിടണം. നീന്തല്‍ക്കുള ഭിത്തി തേച്ച് ഉരച്ച് ശുചിയാക്കണം. വെള്ളം നിലനിര്‍ത്തുമ്പോള്‍ ക്ലോറിനേറ്റ് ചെയ്ത് നിലനിര്‍ത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം ആക്കുളം ടൂറിസ്റ്റ് വില്ലേജിന് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് പൂവാര്‍ സ്വദേശിയായ പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍കുളം ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
മൂന്നു കൂട്ടുകാര്‍ക്കൊപ്പമായിരുന്നു പതിനേഴുകാരന്‍ ഓഗസ്റ്റ് 16ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍കുളത്തിലെത്തി കുളിച്ചിരുന്നത്. പിറ്റേന്ന് മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇന്നലെയാണ് പതിനേഴുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഒപ്പമുണ്ടായിരുന്നു മൂന്നുപേര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ല. എന്നാല്‍ ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിലവില്‍ ഒന്‍പത് പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ പതിനാലുകാരന്റെ നില ഗുരുതരമാണ്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേര്‍ ചികിത്സയില്‍ തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 9 പേരും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ഉള്ളത്. ഈ വര്‍ഷം 66 പേര്‍ക്ക് രോഗബാധ ഉണ്ടായെന്നും 17 പേര്‍ മരിച്ചെന്നുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ മാസം ഇതുവരെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴു പേര്‍ മരിക്കുകയും ചെയ്തു. പല കേസുകളിലും ഉറവിടം വ്യക്തമല്ലാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്.