പുഷ്പ 2 റിലീസിനിടെ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ തെലുഗു നടൻ അല്ലു അർജുന് സ്ഥിര ജാമ്യം.ഹൈദരാബാദ് നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ വീതമുള്ള രണ്ട് പേരുടെ ആൾ ജാമ്യമാണ് കോടതി നൽകിയിരിക്കുന്നത്.ഡിസംബര്‍ 13ന് അറസ്റ്റിലായ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് അല്ലുവിൻ്റെ വീടിന് നേരെ ആക്രമണം നടത്തിയത്. യൂണിവേഴ്സിറ്റിയുടെ ജോയിൻ്റ് ആക്ഷൻ കമ്മിറ്റിയുടെ അംഗങ്ങളാണ് അറസ്റ്റിലായത്.
പുഷ്പ 2ൻ്റെ റിലീസിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് അല്ലുവിൻ്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.അക്രമികൾ അല്ലുവിൻ്റെ വീടിന് നേരെ കല്ലും, തക്കാളിയുമെറിഞ്ഞു. ചിലർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് സെക്യൂരിറ്റിയെ അടക്കം മർദിച്ചിരുന്നു. ആക്രമണം നടക്കുമ്പോൾ അല്ലു അർജുനും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു.