വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സാ വീഴ്ചയെന്ന് ആരോപണം

തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മതിയായ ചികിത്സ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന പരാതിയില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലംകോണം സ്വദേശി ബിസ്മിന് ചികിത്സയ്ക്കായി കാത്തുനില്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബിസ്മിനെ ഭാര്യ ജാസ്മിന് വിളപ്പില്‍ശാലയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ വാതിലുകള്‍ അടച്ച നിലയിലായിരുന്നുവെന്നും, നിരവധി തവണ വിളിക്കുകയും കോളിംഗ് ബെല്‍ അടിക്കുകയും ചെയ്തതിന് ശേഷമാണ് ഡോക്ടര്‍ പുറത്തേക്ക് വന്നതെന്നുമാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ പ്രാഥമിക ചികിത്സ പോലും നല്‍കാതെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതെന്നും ജാസ്മിന് ആരോപിച്ചു. മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും ബിസ്മിന് മരിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ ബിസ്മിന് ഗുരുതരമായ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതും, ഭാര്യ ജാസ്മിന് സഹായത്തിനായി പരിഭ്രാന്തയാകുന്നതും വ്യക്തമായി കാണാം. സംഭവത്തില്‍ ബിസ്മിന്റെ കുടുംബം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.



