തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ആരോപണങ്ങൾ; കത്ത് വിവാദത്തിൽ വി ശിവൻകുട്ടി

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിശിവൻകുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ടുവന്ന് സിപിഐഎമ്മിനെ തകർക്കാൻ ആകില്ല. തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വിവാദമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. പല ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വന്നിട്ടുണ്ട്. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
പാർട്ടി കൃത്യമായ നിലപാട് വ്യക്തമാക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും ആരോപണം ഉന്നയിക്കുമ്പോൾ പാർട്ടി ക്ഷീണിക്കപ്പെടും എന്നാണ് വിവാദങ്ങൾ കൊണ്ടുവരുന്നവർ കരുതുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അവതാരങ്ങൾക്ക് പാർക്കിക്കുള്ളിൽ സ്വാധീനമില്ല. അവതാരങ്ങൾ അല്ല പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവതാരങ്ങൾ കുറച്ചുനാൾ കാര്യങ്ങൾ പറഞ്ഞു നടക്കും പിന്നീട് കാര്യമില്ല എന്ന് മനസ്സിലാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
അതേസമയം വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ചവരെ വലിയ രീതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആക്ഷേപിച്ചുവെന്ന് വി ശിവൻകുട്ടി ആരോപിച്ചു. ജനാധിപത്യ പ്രക്രിയയിൽ യോജിച്ചതല്ല. വാനരന്മാർ എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലായിരുന്നു. ആരോപണങ്ങളിൽ സുരേഷ് ഗോപി ഇത് വരെ മറുപടി പറഞ്ഞിട്ടില്ല. കള്ള വോട്ടിലാണ് സുരേഷ് ഗോപി ജയിച്ചത്. രാജി വെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേരിട്ടു വിളിക്കാം താൻ അത് ചെയ്യുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.