Kerala

ആലപ്പുഴ ജില്ലയിൽ നാളെ എല്ലാ ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാളെ ഹോട്ടലുകൾ അടച്ചിടും. പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ നിരോധിച്ചതിന് എതിരെയാണ് പ്രതിഷേധം. ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളും ജില്ലാ കളക്ടറുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കടുത്ത പ്രതിഷേധത്തിലേക്ക് ഹോട്ടൽ ഉടമകൾ നീങ്ങുന്നത്.

ആലപ്പുഴ ജില്ലയിൽ എട്ടു പഞ്ചായത്തുകളിൽ ഓരോ വാർഡിലായാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി പ്രഭവകേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ പക്ഷികളുടെ മുട്ട, മാംസം, കാഷ്ടം എന്നിവയുടെ വിൽപന കഴിഞ്ഞ ദിവസം നിരോധിച്ചു. അങ്ങനെ നോക്കുമ്പോൾ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ ഹരിപ്പാട് നഗരസഭ പരിധികളിലുമാണ് ചിക്കൻ, താറാവ്, കാട വിഭവങ്ങൾക്ക് നിരോധനം. കച്ചവടം പ്രതിസന്ധിയിൽ ആയതോടെ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടറുമായി ചർച്ച നടത്തി. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കണമെന്നായിരുന്നു കലക്ടറുടെ നിലപാട്.

ഫ്രോസൻ ചിക്കൻ ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ജില്ലാ കളക്ടർ തള്ളി. ഇതോടെയാണ് ഹോട്ടലുകൾ അടച്ചിടാനുള്ള തീരുമാനം. കോഴിയിറച്ചി വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികളും രംഗത്തെത്തി. ജില്ലാ മൃഗസംരക്ഷണ ഓഫിസിന് മുന്നിൽ വാഴ നട്ട് പ്രതിഷേധിച്ചു. പക്ഷിപ്പനി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ജില്ലാ ഭരണകൂടം. പക്ഷികളെ കൊന്നൊടുക്കിയ പ്രദേശങ്ങളിൽ അണു നശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button