KeralaNewsPolitics

മണ്ഡലം പ്രസിഡന്‍റ് സിപിഎമ്മിൽ ചേർന്നു; കോണ്‍ഗ്രസ് ഓഫീസിന് ചുവന്ന പെയിന്റടിക്കാൻ ശ്രമം, പാലക്കാട്ട് സംഘര്‍ഷം

പാല‌ക്കാട്‌: കോൺഗ്രസ്‌ കോട്ടായി മണ്ഡലം പ്രസിഡന്റ്‌ കെ മോഹൻകുമാർ ഉൾപ്പെടെ മുപ്പതോളം നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്നും രാജിവച്ച്‌ സിപിഎമ്മിൽ ചേർന്നു. സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഇവരെ ഷാളണിയിച്ച്‌ സ്വീകരിച്ചു. കോൺ​ഗ്രസിലെ ഗ്രൂപ്പിസവും നേതാക്കളുടെ സ്വാർത്ഥ താൽപര്യവും പാർട്ടിയെ കൂടുതൽ തകർച്ചയിലേക്ക്‌ നയിക്കുകയാണെന്നും ആത്മാർത്ഥ പ്രവർത്തകർക്ക്‌ പാർട്ടിയിൽ സ്ഥാനമില്ലെന്നും കെ മോഹൻകുമാർ പറഞ്ഞു.

നേതാക്കളുടെ പെട്ടിതാങ്ങികൾക്ക്‌ എല്ലാ സംരക്ഷണവും നൽകുകയാണ്‌. ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകൾ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണ്‌. പച്ചയായ വർഗീയത പറഞ്ഞാണ്‌ ഷാഫി പറമ്പിൽ വോട്ട്‌ തേടുന്നത്‌. ഇക്കാര്യം എല്ലാവർക്കും അറിയാമെങ്കിലും ആരും പുറത്തുപറയുന്നില്ല. പറയുന്നവരെ പാർട്ടിയിൽ നിന്ന്‌ അകറ്റുകയാണ്‌. കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനെ പുകച്ച്‌ പുറത്തുചാടിച്ച കോൺഗ്രസിൽ സാധാരണ പ്രവർത്തകർക്ക്‌ സ്ഥാനമില്ലെന്ന്‌ ബോധ്യപ്പെട്ടത്തോടെയാണ്‌ പാർട്ടി വിടുന്നതെന്നും മോഹൻകുമാർ പറഞ്ഞു

പ്രവർത്തകരെ സംരക്ഷിക്കുന്ന പാർട്ടിയാണ്‌ സിപിഎം. അതിനാൽ ഇനി മുതൽ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുമെന്നും മോഹൻകുമാർ പറഞ്ഞു. യൂത്ത്‌ കോൺഗ്രസ്‌ കോട്ടായി മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ നൗഫൽ, തരൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ വി ബി ശശികുമാർ തുടങ്ങിയ നേതാക്കളാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. നേരത്തെ, ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു.

അതിനിടെ, കോട്ടായിയിൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവന്ന പെയിൻ്റടിക്കാനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് പ്രദേശത്ത് സംഘർഷത്തിന് കാരണമായി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റായ കെ മോഹൻകുമാർ പാർട്ടിയിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേർന്നതിന് പിന്നാലെയാണ്, പാർട്ടി ഓഫീസ് ചുവപ്പ് പെയിൻ്റടിക്കാനുള്ള ശ്രമമുണ്ടായത്. ഇത് കോൺ​ഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞതോടെയാണ് സ്ഥലത്ത് സം​ഘർഷമുണ്ടായത്. കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തന്റെ പേരിലാണെന്നാണ് മോഹൻകുമാർ അവകാശപ്പെടുന്നത്. പാർട്ടി ഓഫീസ് തൽക്കാലം പൂട്ടി മുദ്രവെക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button