Business

എയർ ഇന്ത്യയില്‍ പുതിയ യൂണിഫോം; ബോളിവുഡ് ഡിസൈനറുടെ കിടിലം രൂപകല്‍പന

ന്യൂഡല്‍ഹി: പുതിയ ഭാവത്തില്‍ പറക്കാനൊരുങ്ങുന്ന എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്കും ക്യാബിന്‍ ക്രൂവിനും പുതിയ യൂണിഫോം പുറത്തിറക്കി. ബോളിവുഡിലെ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യക്കുവേണ്ടി വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഇനിമുതല്‍ എയര്‍ലൈനിലെ ക്യാബിന്‍ ക്രൂ വനിതകള്‍ മോഡേണ്‍ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷന്മാര്‍ ബന്ദ്ഗാലയും ധരിക്കും. കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് പൈലറ്റിനുവേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 1932-ല്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം ആദ്യമായാണ് യൂണിഫോം പരിഷ്‌കരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്ക് മാറുക. വനിതാ കാബിന്‍ ക്രൂ അംഗങ്ങളുടെ യൂണിഫോമില്‍ ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയര്‍ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ഉള്‍പ്പെടുന്നു. ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ റെഡി-ടു-വെയര്‍ സാരികള്‍ പാന്റിനൊപ്പവും ധരിക്കാം. വനിതകളായുള്ള ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഈസ്റ്റ്-മീറ്റ്സ്-വെസ്റ്റ് ലുക്ക് കൊണ്ടുവരുന്നതിനായാണ് ഈ പാറ്റേണ്‍ അവതിരിപ്പിച്ചതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

പര്‍പ്പിള്‍ -ബര്‍ഗണ്ടി നിറത്തിലുള്ള ഓംബ്രെ സാരികളാണ് സീനിയറായുള്ള വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ധരിക്കുക. ഇവയ്ക്കൊപ്പം പര്‍പ്പിള്‍ നിറത്തിലുള്ള ബ്ലേസറുകളും ഉണ്ടായിരിക്കും. ചുവന്ന ബ്ലേസറുകള്‍ക്കൊപ്പം ചുവപ്പ്-പര്‍പ്പിള്‍ നിറത്തിലുള്ള ഓംബ്രെ സാരിയാണ് വനിതകളായുള്ള ജൂനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ യൂണിഫോം.
ഒരു ക്ലാസിക് ബ്ലാക്ക് ഡബിള്‍ ബ്രെസ്റ്റഡ് സ്യൂട്ടാണ് പൈലറ്റുമാരുടെ യൂണിഫോം.

യൂണിഫോമിനൊപ്പം ചെരുപ്പും ജീവനക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ ഇരുനിറത്തിലുള്ള (കറുപ്പ്, ബര്‍ഗണ്ടി) ബ്ലോക്ക് ഹീല്‍സ് ധരിക്കുമ്പോള്‍, പുരുഷ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ കറുത്ത ഷൂവും ധരിക്കും. വനിതാ ക്യാബിന്‍ ക്രൂവിനുള്ള മുത്ത് കമ്മലുകളും സ്ലിംഗ് ബാഗുകളും യൂണിഫോമില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായുള്ള യൂണിഫോമാണ് എയര്‍ ഇന്ത്യക്കായി സൃഷ്ടിച്ചതെന്ന് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര പറഞ്ഞു.

ആത്മവിശ്വാസമുള്ള, ഊര്‍ജ്ജസ്വലമായ പുതിയ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ ഈ പുതിയ വേഷത്തിലൂടെ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കഴിയട്ടെ എന്നും എയര്‍ ഇന്ത്യ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button