സാങ്കേതിക തകരാർ, ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനം ഇറക്കിയത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി ദില്ലിക്ക് വരുകയായിരുന്ന എഐ 174 വിമാനമാണിത്. മംഗോളിയയിലെ ഉലാൻബാതറ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർലൈൻ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
യാത്രാമധ്യേ സാങ്കേതിക തകരാറുണ്ടെന്ന് വിമാന ജീവനക്കാർക്കാണ് സംശയം തോന്നിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിമാനത്തിൽ പരിശോധന നടത്തുകയാണ്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിന് വിമാനക്കമ്പനി ക്ഷമാപണം നടത്തി. അപ്രതീക്ഷിതമായി നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിമാനക്കമ്പനി ചൂണ്ടിക്കാട്ടുന്നു. അതേസമയം എന്ത് സാങ്കേതിക പ്രശ്‌നമാണ് സംശയിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.



