കാഠ്മണ്ഡുവിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താൻ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

ന്യൂഡല്‍ഹി: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം ശമിച്ചതിനെത്തുടര്‍ന്ന് കാഠ്മണ്ഡുവിലേക്ക് അധിക സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനരാരംഭിച്ചു. നേപ്പാളിലേക്ക് ഇന്നുമുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് വിമാന കമ്പനികള്‍ സൂചിപ്പിച്ചു. പ്രക്ഷോഭം അക്രമാസക്തമായതോടെ, നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ ചെവ്വാഴ്ചയും ബുധനാഴ്ചയും റദ്ദാക്കിയിരുന്നു.
സൈന്യം സുരക്ഷാ ചുമതല ഏറ്റെടുത്ത കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളം ഇന്നലെ വൈകീട്ട് തുറന്നു. നേപ്പാളിലേക്ക് അധിക സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു. ഇതിന് കേന്ദ്ര വ്യാമയാനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. വിമാന ചാര്‍ജ് വര്‍ധിപ്പിക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്നും നാളെയും ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. നേപ്പാളിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, 2025 സെപ്റ്റംബര്‍ 17 വരെ നേപ്പാളിലേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തവര്‍ക്ക്, യാത്രാ തീയതി പുനഃക്രമീകരിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. നിരക്ക് വ്യത്യാസം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്. ബുക്കിങ്ങുകള്‍ റദ്ദാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ റീഫണ്ട് ലഭിക്കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

