അഹമ്മദാബാദ് വിമാന ദുരന്തം: ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് ടാറ്റ, ഹോസ്റ്റൽ കെട്ടിടവും പുനർനിർമിക്കും

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായി ടാറ്റ സൺസ് 500 കോടി രൂപയുടെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും പരുക്കേറ്റവർക്കും അപകടം നേരിട്ടോ അല്ലാതെയോ ബാധിച്ചവർക്കും വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചിട്ടുള്ളത്. മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള AI-171 മെമ്മോറിയൽ ആന്റ് വെൽഫെയർ ട്രസ്റ്റിലേക്ക് ടാറ്റ സൺസും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം സംഭാവന ചെയ്യുമെന്ന് ടാറ്റ പ്രസ്താവനയിൽ അറിയിച്ചു.
പ്രഥമശുശ്രൂഷകർ, ആരോഗ്യ വിദഗ്ധർ, ദുരന്ത നിവാരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, സർക്കാർ ജീവനക്കാർ എന്നിവർക്കും ട്രസ്റ്റ് സഹായം നൽകും. ടാറ്റയിലെ മുൻ ഉദ്യോഗസ്ഥനായ എസ്.പത്മനാഭനെയും ടാറ്റ സൺസിന്റെ ജനറൽ കൗൺസിലറായ സിദ്ധാർഥ് ശർമ്മയെയും ട്രസ്റ്റി ബോർഡിലേക്ക് നിയമിച്ചു. അഞ്ചംഗ ബോർഡിലേക്ക് മൂന്ന് ഉദ്യോഗസ്ഥരെ കൂടി നിയമിക്കും.
അതേസമയം അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നൽകിയതിനൊപ്പം ഗുരുതരമായി പരുക്കേറ്റവരുടെ ചികിത്സക്കും ടാറ്റ സഹായം നൽകിയിരുന്നു. വിമാനാപകടത്തിൽ തകർന്ന ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കാനും സഹായം നൽകും. നടപടിക്രമങ്ങൾ പൂർത്തിയായാൽ ട്രസ്റ്റിന് ധനസഹായം നൽകുകയും പൂർണ ആത്മാർഥതയോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുമെന്നും ടാറ്റ അറിയിച്ചു.