Kerala

രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ചൈനയിലേക്ക്

ദില്ലി: രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലേക്ക് യാത്ര തിരിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച ശേഷമാണ് യാത്ര. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും സര്‍ക്കാരിനും ജനത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദര്‍ശനം ഫലം ചെയ്തുവെന്ന് വ്യക്തമാക്കി.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്ന് ചന്ദ്രന്റെ ധ്രുവ മേഖലയില്‍ നടത്തുന്ന സംയുക്ത പര്യവേക്ഷണമായ ചന്ദ്രയാന്‍ -5 ദൗത്യത്തിനായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയില്‍ 10 ട്രില്യണ്‍ യെന്‍ (ഏകദേശം 60,000 കോടി രൂപ) നിക്ഷേപം പത്ത് വര്‍ഷത്തിനുള്ളില്‍ നടത്താന്‍ ജപ്പാന്‍ ലക്ഷ്യമിടുന്നുണ്ട്. പ്രതിരോധ രംഗത്ത് സഹകരണവും സാമ്പത്തിക പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും. ആഗോള തലത്തില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും. സെമികണ്ടക്ടറുകള്‍, ക്ലീന്‍ എനര്‍ജി. ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ധാതു ഖനനം, സാങ്കേതികവിദ്യ മേഖലകളിലും കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്.

ജപ്പാനില്‍ നിന്നും ചൈനയിലേക്ക് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ വച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായടക്കം ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അമേരിക്കയുടെ താരിഫ് നയംമാറ്‌ത്തെ തുടര്‍ന്ന് ഇന്ത്യ-യുഎസ് ബന്ധത്തിലുണ്ടായ ഉലച്ചിലിനിടെ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി ഷീ ജിന്‍പിങ് സൂചനകള്‍ നല്‍കിയിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ ഷീ ജിന്‍പിങ് ബന്ധം മെച്ചപ്പെടുത്താനുള്ള താത്പര്യങ്ങള്‍ അറിയിച്ചതായാണ് സൂചന. നാളെയും മറ്റന്നാളുമായി ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഏഴ് വര്‍ഷത്തിന് ശേഷമുള്ള മോദിയുടെ ചൈന സന്ദര്‍ശനത്തെ യുഎസ് അടക്കം ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button