KeralaNews

വാൻ‍ ഹായി 503 ദൂരത്തേക്ക് വലിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു ; കാലവസ്ഥ പ്രതികൂലം, ദൗത്യം വൈകുന്നു

കേരള തീരത്തിന് സമീപം അറബിക്കടലിൽ തീ പിടിച്ച ചരക്കുകപ്പൽ വാൻ‍ ഹായി 503 ദൂരത്തേക്ക് വലിച്ചു മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കാലാവസ്ഥ പ്രതികൂലമായത് രക്ഷാദൗത്യത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കപ്പൽ ഇപ്പോൾ കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കൽ മൈൽ അകലെ വരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ രക്ഷാദൗത്യങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് കപ്പലിനെ ടഗ് ഓഫ്ഷോർ വാരിയറുമായി ബന്ധിപ്പിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നു. നാല് പേർ കപ്പലിന്റെ മേൽത്തട്ടിൽ ഇറങ്ങിയാണ് വടമുപയോഗിച്ച്‌ കപ്പലിനെ ബന്ധിപ്പിച്ചത്. കൊച്ചിയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 22 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപ്പോൾ കപ്പല്‍. രാവിലെ ആയപ്പോഴേക്കും കപ്പലിനെ പുറം കടലിലേക്ക് 27 നോട്ടിക്കൽ മൈലും ഉച്ചകഴിഞ്ഞ് 40 നോട്ടിക്കൽ മൈലും ദൂരത്തേക്കു വലിച്ചു കൊണ്ടുപോകാൻ സാധിച്ചു. വൈകിട്ട് നാല് മണിയോടെയാണ് കപ്പലിനെ 47 നോട്ടിക്കൽ മൈൽ ദൂരത്ത് എത്തിച്ചത്. മോശം കാലാവസ്ഥ ആയതിനാൽ വളരെ മെല്ലെയാണ് കപ്പലിനെ വലിച്ചു നീക്കുന്നത്. മണിക്കൂറിൽ 2.7 കിലോമീറ്ററാണ് ഇതിന്റെ വേഗം. തീരസംരക്ഷണ സേനയുടെ കപ്പലുകളായ സക്ഷം, സമർഥ്, വിക്രം, നാവികസേനാ കപ്പലായ ഒഎസ്‍വി ട്രിട്ടോൺ ലിബർട്ടി തുടങ്ങിയവ കപ്പൽ വലിച്ചുകൊണ്ടു പോകുന്നതിനെ അനുഗമിക്കുന്നുണ്ട്.

ഓഫ്ഷോർ വാരിയർ, ഗാർനെറ്റ്, വാട്ടർ ലില്ലി എന്നീ ടഗ്ഗുകളാണ് പ്രധാനമായും തീ പിടിച്ച കപ്പലിനെ വലിച്ചുകൊണ്ടു പോകുന്നത്. ‍ഡക്കിന് മുകളിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിട്ടുണ്ട്. കപ്പലിൽ നിന്ന് ശക്തമായ പുക ഉയരുന്നത് ഡെക്കിന്റെ അടിയിൽ ഇപ്പോഴും തീയുള്ളതുകൊണ്ടാണെന്നാണ് സംശയം. എത്ര അണച്ചാലും തീ വീണ്ടും പടരുന്നതിന് കാരണം കപ്പലിലെ കണ്ടെയ്നറുകളിലുള്ള തീ പിടിക്കുന്ന രാസവസ്തുക്കളാണെന്നാണ് നിഗമനം. എംഎസ്‍സി എൽസ 3യിൽ ഇന്ധനം നീക്കം ചെയ്യുക, കണ്ടെയ്നറുകള്‍ ഉയർത്തിയെടുക്കു തുടങ്ങിയ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഷിപ്പിങ് ഡയറക്ടർ ജനറൽ നിർദേശം നൽകിയിരുന്നു. ഇന്ധനം നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനം ഉടൻ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഇതു വൈകിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button